കണ്ണൂർ ഏറ്റുകുടുക്കയിൽ ബി എൽ ഒ ജീവനൊടുക്കിയത് തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി സമ്മർദ്ദം കാരണമെന്ന് കുടുംബം. പയ്യന്നൂർ നിയോജക മണ്ഡലം പതിനെട്ടാം ബൂത്തിലെ ബി എൽ എ അനീഷ് ജോർജ്ജാണ് വീട്ടിൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ബിഎൽഒ മാർ ജോലി ബഹിഷ്കരിക്കും. ചീഫ് ഇലക്‌ട്രൽ ഓഫീസിലേക്കും കലക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. അധ്യാപക സർവീസ് സംഘടന സമരസമിതിയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

രാവിലെ 10.30 നാണ് അനീഷ് ജോർജിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നരു എയുപി സ്‌കൂളിലെ അറ്റൻഡൻ്റും പയ്യന്നൂർ നിയോജക മണ്ഡലം പതിനെട്ടാം ബൂത്തിലെ ബിഎൽഒ യുമായിരുന്നു അനീഷ്. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായി കടുത്ത ജോലി സമ്മർദ്ദത്തിലായിരുന്നു അനീഷ് എന്ന് വീട്ടുകാരും സുഹൃത്തുക്കളും പറഞ്ഞു. അതേസമയം അനീഷ് ജോർജ്ജ് ജീവനൊടുക്കാൻ കാരണം എസ് ഐ ആർ സമ്മർദ്ദം മാത്രമാണെന്നും എസ് ഐ ആറുമായി ബന്ധപ്പെട്ട് മകൻ കുറേ ദിവസങ്ങളായി ടെൻഷനിൽ നടക്കുകയായിരുന്നുവെന്നും അനീഷിൻ്റെ പിതാവ് പറഞ്ഞു.

കൂടാതെ മരണത്തിന്റെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മീഷനാണെന്ന് കേരള എൻജിഒ യൂണിയൻ ആരോപിച്ചു. സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *