ഡൽഹി: ബില്ലുകൾ തടഞ്ഞുവെക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതിയുടെ നിർണ്ണായക വാദം. ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ഈ നടപടി ഫെഡറലിസത്തിന് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

മണി ബിൽ അല്ലെങ്കിൽ, ബില്ലുകൾ തിരിച്ചയയ്ക്കാൻ ഗവർണർക്ക് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അനുച്ഛേദം 200 അനുസരിച്ച് ബില്ലുകൾ തടഞ്ഞുവെക്കുന്നതിൽ ഗവർണർമാർക്ക് വിവേചനാധികാരമില്ല. ബില്ലുകൾ തടഞ്ഞുവെയ്ക്കുന്നതിനേക്കാൾ ഉചിതം തിരിച്ചയയ്ക്കുന്നതാണ്.

രണ്ടാമതും പാസാക്കിയ ബില്ലുകളിൽ ഗവർണർമാർക്ക് മറ്റൊരു സാധ്യതയുമില്ല. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ബില്ലുകൾ തടഞ്ഞുവെക്കുന്നതിൽ ഗവർണർമാരുടെ വിവേചനാധികാരം മൂന്ന് കാര്യങ്ങളിൽ മാത്രമായി പരിമിതമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബില്ലുകൾ തടഞ്ഞുവെച്ചാൽ സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ബില്ലുകൾ ഒപ്പിടുന്നതിൽ സമയപരിധി നിശ്ചയിച്ച തമിഴ്‌നാട് കേസിലെ രണ്ടംഗ ബെഞ്ചിന്റെ വിധിയിലാണ് രാഷ്ട്രപതി പ്രത്യേക ഭരണഘടനാ അധികാരം ഉപയോഗിച്ച് റഫറൻസ് തേടിയത്. ഗവർണറുടെ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെടാനാകുമോയെന്നും, ഭരണഘടന നിശ്ചയിക്കാത്ത സമയ പരിധി എങ്ങനെ കോടതിക്ക് വിധിയിലൂടെ നിശ്ചയിക്കാനാകും എന്നുമുള്ള ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *