മുംബൈ ആഡംബര കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടിച്ച കേസിൽ ആര്യൻ ഖാന്‍റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.നിലവില്‍ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് ആര്യന്‍. ഇന്ന് രാവിലെ 11 മണിക്കാണ് ജാമ്യഹര്‍ജി പരിഗണിക്കുക. പ്രതികളെല്ലാം ഇപ്പോഴും എൻസിബി ഓഫീസിൽ തുടരുകയാണ്. ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതികളെ ഇന്ന് ആർതർ റോഡ് ജയിലിലേക്ക് മാറ്റും.
കേസിൽ വിദേശ പൗരനടക്കം ഇതുവരെ 18 പേർ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡി നീട്ടാനുള്ള എൻസിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ആര്യൻ ഖാന്‍റെ കസ്റ്റഡി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്. ഒക്ടോബർ 11 വരെ കസ്റ്റഡി നീട്ടണം എന്നാണ് എന്‍സിബി ആവശ്യപ്പെട്ടത്.നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്നാണ് സൂചന. ആര്യനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യണമെന്നാണ് എന്‍സിബിയുടെ ആവശ്യം. താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും തന്റെ കൈയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ആര്യന്‍ ഖാന്റെ ആവശ്യം. ഈ വാദങ്ങളെ പൂര്‍ണമായും എന്‍സിബി തള്ളുകയാണ്.
കേസിലെ പുതിയ അറസ്റ്റുകൾ അന്വേഷണത്തിലെ വഴിത്തിരിവാണെന്നും എൻസിബി കോടതിയെ അറിയിച്ചു.
