പിഎം ശ്രീയിൽ നിലവിൽ കേരള സര്‍ക്കാര്‍ പങ്കാളിയാണ്

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ നിർബഡിതരാവുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സർക്കാരിന്‍റെ വിദ്യാഭ്യാസ അവകാശങ്ങൾ ബലി കഴിക്കാതിരിക്കാൻ ആണ് ശ്രമിക്കുന്നത്. നിലവിൽ കേരളം ഇതിൽ അംഗമാണ്. ഒപ്പുവെച്ച ബിജെപി ഇതര സംസ്ഥാനങ്ങളുമായി സംസാരിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ കണ്‍വീനര്‍ ആയി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് മറ്റ് അംഗങ്ങള്‍. സമിതിയായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയെന്നും ഉപസമിതി റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ എന്നും വി ഡി സതീശന്‍ പറഞ്ഞു.

‘കഴിഞ്ഞ സര്‍ക്കാര്‍ പിഎംശ്രീയില്‍ ഒപ്പുവെച്ചതിനാല്‍ കേരളവും നിലവില്‍ പദ്ധതിയില്‍ പങ്കാളിയാണ്. 99കോടി രൂപയിലധികം പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിട്ടുണ്ട്. 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുമുണ്ട്. കരിക്കുലം ഫ്രീഡത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുത് എന്നതാണ് ഇതുമായി ബന്ധപ്പെട്ട ആശയപരമായ എതിര്‍പ്പ്. പദ്ധതികള്‍ നടപ്പിലാക്കുന്ന സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കണം എന്നതാണ് മറ്റൊരു നിബന്ധന’, മുഖ്യമന്ത്രി വിശദീകരിച്ചു.

‘2024ല്‍ പിഎംശ്രീ സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ആണ് ഒപ്പുവെച്ചത്. നമ്മള്‍ നിര്‍ബന്ധിതരാവുകയാണ്. പിഎംശ്രീയില്‍ ഒപ്പുവെച്ച് നമ്മള്‍ പണം വാങ്ങി കഴിഞ്ഞു. സര്‍ക്കാരിനുള്ള അപകാശങ്ങള്‍ ബലി കഴിപ്പിക്കാതെ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നത്’, മുഖ്യമന്ത്രി വിശദീകരിച്ചു. പിഎംശ്രീയില്‍ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒന്നിച്ചുനീങ്ങും. കേന്ദ്രത്തില്‍ നിന്നുള്ള പണം നമ്മുടെ അവകാശമല്ലേയെന്നും വി ഡി സതീശന്‍ ചോദിച്ചു. പിഎം ശ്രീയില്‍ നിന്നും പിന്മാറാന്‍ മുന്‍ സര്‍ക്കാര്‍ ഒരു കത്തും നല്‍കിയിട്ടില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *