കോഴിക്കോട്: 10 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ സഹോദരങ്ങൾക്ക് വടകര എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചു. പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരൻ, സഹോദരി സൂര്യ എന്നിവർക്കാണ് ഏഴ് വർഷം തടവും 40,000 രൂപ പിഴയും കോടതി വിധിച്ചത്. വടകര എൻ ഡി പി എസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 

2020-ൽ കോഴിക്കോട് മുക്കത്തിനടുത്തുള്ള നീലേശ്വരത്തെ വാടകവീട്ടിൽ വെച്ചാണ് ഇരുവരെയും മുക്കം പോലീസ് പിടികൂടുന്നത്. എന്നാൽ ഈ അറസ്റ്റിന് പിന്നിൽ യാദൃച്ഛികമായ ഒരു സംഭവമുണ്ട്. 2024 ജൂലൈ രണ്ടിന് മുത്തേരിയിൽ വെച്ച് 65 വയസ്സുകാരിയെ ഓട്ടോയിൽ പീഡിപ്പിക്കുകയും മാല കവരുകയും ചെയ്ത കേസ് പോലീസ് അന്വേഷിക്കുന്നതിനിടെയായിരുന്നു ഇത്.

വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി താമസിച്ചിരുന്ന സ്ഥലം പരിശോധിക്കുന്നതിനിടെയാണ്, സമീപത്തെ മറ്റൊരു വാടകവീട്ടിൽ പോലീസ് അപ്രതീക്ഷിതമായി എത്തുന്നത്. ഈ വീട്ടിൽ നിന്നാണ് സഹോദരങ്ങളായ ചന്ദ്രശേഖരനെയും സൂര്യയെയും 10 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്.

അങ്ങനെ, ഒരു പീഡനക്കേസ് അന്വേഷണത്തിനിടെ കഞ്ചാവ് മാഫിയാ സംഘത്തിൽപ്പെട്ട സഹോദരങ്ങളെ പിടികൂടാൻ പോലീസിനായി. എസ്.ഐ. സാജിദ് കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. തുടർന്ന് ഇൻസ്പെക്ടർ ബി.കെ. സിജു കേസിൽ തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *