കണ്ണൂർ: കൂത്തുപറമ്പിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. കൂത്തുപറമ്പ് മെരുവമ്പായിയിൽ ഇന്ന് രാവിലെയാണ് സംഭവം. മൂന്നാം പീടിക സ്വദേശിനിയായ സരോജിനിയാണ് (64) ഷോക്കേറ്റതിനെ തുടർന്ന് മരിച്ചത്.
ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാടുവെട്ടുന്നതിനിടെയാണ് സരോജിനിക്ക് അപകടമുണ്ടായത്. കാടുപിടിച്ച പ്രദേശത്ത് അപകടകരമായ നിലയിൽ പൊട്ടിവീണ വൈദ്യുത കമ്പി നാട്ടുകാരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. കാടുവെട്ടുന്നതിനിടെ സരോജിനിയ്ക്ക് ഈ കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
ഉടൻ തന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇവരെ കൂത്തുപറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സരോജിനിയുടെ മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
