കോഴിക്കോട്: കേരളാ സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്- ഉത്തേജകമരുന്ന് ആക്ഷേപങ്ങൾ ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീന്റെ മുന്നറിയിപ്പ്. വേണ്ടിവന്നാൽ ബോൺ ടെസ്റ്റ് നടത്തും. ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന പരാതി ഉയർന്നാലും നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പരാതികൾ ഉയർന്നാൽ കേൾക്കും. അച്ചടക്കരാഹിത്യം അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
കായികമേളയ്ക്ക് മഴ വെല്ലുവിളി ആകില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മഴ മാറുമെന്നാണ് തൻ്റെ പ്രതീക്ഷയെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. മത്സരങ്ങൾ തുടങ്ങുമ്പോഴേക്കും മാനം തെളിയും. കായികമേള നല്ല രീതിയിൽ തന്നെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു പോരായ്മയും ഉണ്ടാവാതിരിക്കാൻ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പരിശോധിച്ച് ഉറപ്പുവരുത്തി. എൻഐടി ഗ്രൗണ്ടും ട്രാക്കും കിട്ടിയത് ഏറ്റവും വലിയ അനുഗ്രഹം എന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
അറുപത്തി എട്ടാമത് കേരള സ്കൂൾ കായിക മേളയ്ക്കാണ് ഇന്ന് കോഴിക്കോട് തുടക്കമാകുന്നത്. വൈകിട്ട് നാലിന് മുഖ്യമന്ത്രി വി ഡി സതീശൻ കായിക മേള ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും ഇതിഹാസ താരവുമായ പി ടി ഉഷയാണ് മേളയുടെ ദീപശിഖ തെളിക്കുക.
