ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ 10-നാണ് പൂക്കൈത ആറിൽ നിന്ന് കണ്ടെത്തിയത്. വിവാഹിതനായ ഒന്നാം പ്രതി പ്രബീഷ്, കൊല്ലപ്പെട്ട അനിതയുമായും കേസിലെ രണ്ടാം പ്രതിയായ കൈനകരി സ്വദേശിനി രജനിയുമായും ഒരേ സമയം അടുപ്പത്തിലായിരുന്നു.
അനിത ഗർഭിണിയായതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണം. പാലക്കാട് ആലത്തൂരിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ 9-ന് ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തിയാണ് പ്രബീഷും രജനിയും ചേർന്ന് കൊലപാതകം നടത്തിയത്. തുടർന്ന് മൃതദേഹം കായലിൽ ഉപേക്ഷിക്കുകയായിരുന്നു.
