കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലുള്ള മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്ററും രണ്ടാം പ്രതിയുമായ മുരാരി ബാബു ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം നാളെ (നവംബർ 28) ഹൈക്കോടതിയിൽ ജാമ്യഹർജി സമർപ്പിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളോടും സഹകരിച്ചിട്ടുണ്ടെന്നും, ഒരു മുൻ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇതിൽ കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നും മുരാരി ബാബു ഹർജിയിൽ പറയുന്നു. കൂടാതെ, കൂടുതൽ റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധമാണെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് മുരാരി ബാബു ജാമ്യം തേടുന്നത്.

ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളി കേസ്, കട്ടിളപ്പാളി കേസ് എന്നീ രണ്ട് കേസുകളിലും മുരാരി ബാബു ജാമ്യം തേടിയിരുന്നു. എന്നാൽ, കേസ് അന്വേഷണത്തിന്റെ നിർണ്ണായക ഘട്ടത്തിൽ രണ്ടാം പ്രതിക്ക് ജാമ്യം അനുവദിക്കരുത് എന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (SIT) വാദം പരിഗണിച്ചാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം തള്ളിയത്.

നിലവിൽ, മുരാരി ബാബുവിനെയും കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെയും രണ്ടാഴ്ചത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി വീണ്ടും റിമാൻഡ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *