തൃശൂർ വരന്തരപ്പിളിയിൽ ഗർഭണിയായ യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോൺ റിമാൻഡിലേക്ക്. 20 വയസുള്ള അർച്ചനയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാരോണിനെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റു ചെയ്തിരുന്നു. ഷാരോണിനെതിരെയും ഇയാളുടെ അമ്മ രജനിക്ക് എതിരെയും ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.

6 മാസം മുൻപാണ് വരന്തരപ്പിളി മാട്ടുമ്മല സ്വദേശി ഷാരോണിന്റെയും അർച്ചനയുടെയും വിവാഹം കഴിയുന്നത്. ഇരുവരുടെതും പ്രണയവിവാഹമായിരുന്നു. എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും അർച്ചനയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞ ആറുമാസത്തോളമായി സ്ത്രീധനം നൽകിയില്ല എന്ന പേരിൽ അർച്ചന നിരന്തരമായ ശാരീരിക, മാനസീക പീഡനങ്ങൾ നേരിട്ടിരുന്നു. ഷാരോൺ പലപ്പോഴായി അർച്ചനയ മർദ്ദിച്ചിരുന്നു. അർച്ചന മരണപ്പെടുന്നതിന് കുറച്ച് ദിവസം മുൻപ് ഷാരോൺ അർച്ചന പഠിക്കുന്ന കോളേജിൽ എത്തിയും മർദ്ദിച്ചിരുന്നു. ഇതു കണ്ടകോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ അർച്ചനയുടെ കുടുംബത്തേ വിവരമറിയിക്കുകയും ചെയ്തു. പീഡന വിവരങ്ങൾ പുറത്തറിയാതിരിക്കാൻ അർച്ചന ഫോണിൽ വീട്ടുകാരെ വിളിക്കുന്നതു പോലും ഷാരോണിൻ്റെ കുടുംബം തടഞ്ഞിരുന്നു.

സംഭവത്തിൽ ഷാരോണിനെയും അമ്മ രജനിയെയും പൊലീസ് വിശദമായി ചോദ്യം ചെതു വരികയാണ്. അർച്ചനയുടെ കുടുംബത്തിൻ്റെ പരാതിയെ തുടർന്നാണ് വരന്തരപ്പിളി പൊലീസ് കേസ് എടുത്തത്. ഷാരോൺ ലഹരി കേസിൽ ഉൾപെടെ പ്രതിയായിട്ടുള്ള ആളാണ്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് അർച്ചനയെ വീടിനു പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *