തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് ഒളിവിൽ പോയ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത്, വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രാഹുൽ രാജ്യത്തിന് പുറത്ത് പോകാതിരിക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബ്യൂറോ ഓഫ് എമിഗ്രേഷന് ഇത് സംബന്ധിച്ച കത്ത് കൈമാറി.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജില്ലയിൽ തന്നെയുണ്ടെന്നാണ് പോലീസ് നിലവിൽ നിഗമനം. എങ്കിലും തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫായത്.
ഇന്ന് രാവിലെ ഏഴരയോടെ ഫോൺ സ്വിച്ച് ഓണായെങ്കിലും ഉടൻ തന്നെ വീണ്ടും ഓഫാകുകയായിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കാനുള്ള ‘ദൃശ്യം’ മാതൃകയിലുള്ള പദ്ധതിയാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
അതിജീവിതയുടെ പരാതിയിൽ ഹൈക്കമാൻഡ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. തുടർനടപടികൾ സ്വീകരിക്കുന്നതിനായി വിഷയം കെ.പി.സി.സിക്ക് വിടുമെന്നാണ് നിലവിലെ വിവരം.
