“എനിക്ക് സാധിക്കുമെങ്കിൽ, നിങ്ങൾക്കും സാധിക്കും.”
ഈ ഒരു വാചകം മതി മുഹമ്മദ് ആസിം വെളിമണ്ണയെ പരിചയപ്പെടുത്താൻ. ശരീരത്തിന്റെ പരിമിതികളെ മനസ്സിന്റെ കരുത്തുകൊണ്ട് മറികടന്ന്, നീന്തലിലും പാരാ കായികരംഗത്തും ദേശീയ–അന്തർദേശീയ വേദികളിലും കേരളത്തിന്റെ അഭിമാനമായി മാറിയ യുവതാരമാണ് ആസിം.
കോഴിക്കോട് വെളിമണ്ണ സ്വദേശിയായ മുഹമ്മദ് ആസിം, 2006 ഫെബ്രുവരി ഒന്നി.ന് മുഹമ്മദ് ഷഹീദിന്റെയും ജംസീനയുടെയും ആദ്യ മകനായി ജനിച്ചു. 90 ശതമാനം ഭിന്നശേഷിയോടെയാണ് ജനനം. എന്നാൽ, ആ പരിമിതി അവന്റെ സ്വപ്നങ്ങൾക്ക് ഒരിക്കലും അതിരായില്ല.
ഒരു സ്കൂളിനുവേണ്ടി തുടങ്ങിയ പോരാട്ടം
സ്വന്തം ഗ്രാമത്തിലെ വെളിമണ്ണ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിനെ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തണമെന്ന ആവശ്യവുമായി നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് ആസിം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ എത്തുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാർ ആസിമിന് വേണ്ടി സ്കൂൾ യു.പി. വിഭാഗമായി ഉയർത്തിക്കൊടുത്തു. ഇന്ന് ഏകദേശം 800 കുട്ടികൾ ഇവിടെ പഠിക്കുന്നു.
സ്കൂളിനെ ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യവുമായി ആസിം വീണ്ടും നിയമപോരാട്ടത്തിലാണ്. വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. ദേശീയ ബാലവകാശ കമ്മീഷൻ,പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്..
സ്കൂളിനായുള്ള പോരാട്ടം അതോടെ അവസാനിച്ചില്ല. തന്റെ സ്കൂൾ ഹൈസ്കൂളാക്കണമെന്ന സന്ദേശവുമായി വെളിമണ്ണയിൽ നിന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് 52 ദിവസം കൊണ്ട് 450 കിലോമീറ്ററിലധികം വീൽചെയറിൽ സഞ്ചരിച്ച സഹനസമരയാത്രയും ആസിം നടത്തി. മനുഷ്യച്ചങ്ങല, കലക്ടറേറ്റ് ധർണ, ഒപ്പ് ശേഖരണം തുടങ്ങിയ ജനാധിപത്യ സമരമാർഗങ്ങളിലൂടെയും അവൻ തന്റെ ആവശ്യം സമൂഹത്തിന് മുന്നിലെത്തിച്ചു.
“നീന്തലറിയാത്തതിന്റെ പേരിൽ ആരും മുങ്ങിമരിക്കരുത്”
ആസിമിന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ അധ്യായങ്ങളിലൊന്നാണ് നീന്തൽ.
“നീന്തലറിയാത്തതിന്റെ പേരിൽ ആരും മുങ്ങിമരിക്കരുത്” എന്ന സന്ദേശവുമായി നിറഞ്ഞൊഴുകുന്ന ആലുവ പെരിയാറിലൂടെ 800 മീറ്ററിലധികം ദൂരം ഒരു മണിക്കൂർ ഒരു മിനിറ്റിനുള്ളിൽ നീന്തിക്കയറിയാണ് ആസിം ലോകശ്രദ്ധ നേടിയത്.
90 ശതമാനം ഭിന്നശേഷിയുള്ള ഒരു ചെറുപ്പക്കാരൻ ഇത്രയും ദൂരം നീന്തിയ അപൂർവ നേട്ടം Asian Book of Records, Indian Book of Records, World Records Union എന്നിവയിൽ 2022-ൽ ഇടം നേടി.
ഇന്നേവരെ 44 തവണ ആസിം ആലുവ പെരിയാർ നീന്തിക്കടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അവൻ അറിയപ്പെടുന്നത്— പെരിയാറിൻ്റെ പോരാളി
റെക്കോർഡുകൾക്കപ്പുറം, സ്വർണമെഡലുകളുടെ കുതിപ്പ്
പാരാ നീന്തലിലും പാരാ അത്ലറ്റിക്സിലും ആസിം സ്വന്തമാക്കിയ നേട്ടങ്ങൾ അതിശയിപ്പിക്കുന്നതാണ്.
തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന പാരാ അത്ലറ്റിക്സിൽ 2023, 2024 വർഷങ്ങളിൽ ജൂനിയർ T42 വിഭാഗത്തിൽ ലോങ് ജമ്പിലും 100 മീറ്ററിലും സ്വർണം നേടി. തുടർച്ചയായ രണ്ടു വർഷങ്ങളിൽ നാല് സ്വർണമെഡലുകൾ.
തൃശൂരിൽ നടന്ന കേരള സ്റ്റേറ്റ് പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ 2023 മുതൽ 2026 വരെ തുടർച്ചയായി നാല് വർഷം, S2 വിഭാഗത്തിൽ 50 മീറ്റർ, 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബാക്ക്സ്ട്രോക്ക് എന്നീ ഇനങ്ങളിൽ സ്വർണം നേടി. ആകെ 12 സംസ്ഥാനതല സ്വർണമെഡലുകൾ.
ദേശീയ തലത്തിലും നേട്ടങ്ങളുടെ തുടർച്ചയായിരുന്നു. ഗ്വാളിയോർ, പനാജി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നടന്ന 2023, 2024, 2025 ദേശീയ പാരാ സ്വിമ്മിംഗ് മത്സരങ്ങളിൽ, S2 വിഭാഗത്തിലെ 50 മീറ്റർ, 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബാക്ക്സ്ട്രോക്ക് ഇനങ്ങളിൽ ഒൻപത് മെഡലുകൾ കേരളത്തിനായി നേടി. മത്സരിച്ച മൂന്ന് ഇനങ്ങളിലും ദേശീയ റെക്കോർഡ് നേട്ടവും സ്വന്തമാക്കി.
26 സംസ്ഥാനങ്ങളിൽ നിന്ന് വന്ന താരങ്ങൾക്കിടയിൽ മികച്ച താരം
2024–25 കാലയളവിൽ 26 സംസ്ഥാനങ്ങളിൽ നിന്നെത്തിയ 500-ലധികം പാരാ സ്വിമ്മർമാരിൽ നിന്ന് മികച്ച താരമായി ആസിമിനെ തിരഞ്ഞെടുത്തു.
Best Para Swimmer 2024–25 പുരസ്കാരം ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിൽ നിന്ന് ഏറ്റുവാങ്ങി.
പെരിയാറിൽ നിന്ന് പാരീസ് വരെ
ആസിമിന്റെ യാത്ര കേരളത്തിന്റെ ജലാശയങ്ങളിൽ മാത്രം ഒതുങ്ങിയില്ല.
2025-ലെ Para Swimming World Series-ൽ പാരീസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം S2 വിഭാഗത്തിൽ അന്താരാഷ്ട്ര ക്ലാസിഫിക്കേഷൻ നേടിയ ഇന്ത്യയിലെ ആദ്യ താരമായി മാറി.
തുടർന്ന് സിംഗപ്പൂരിൽ നടന്ന World Para Swimming Championships 2025-ൽ ഒളിമ്പ്യൻമാരോടൊപ്പം മത്സരിച്ച് ഫൈനലിലെത്തി. ഫൈനലിൽ ഏഴാം സ്ഥാനവും സ്വന്തമാക്കി.
നിലവിൽ S2 വിഭാഗത്തിൽ
ലോക റാങ്കിങ്ങിൽ 8-ാം സ്ഥാനം,
ഏഷ്യൻ റാങ്കിങ്ങിൽ 2-ാം സ്ഥാനം,
ഇന്ത്യൻ റാങ്കിങ്ങിൽ 1-ാം സ്ഥാനം
എന്ന നേട്ടത്തിലാണ് ആസിം.
അടുത്ത ലക്ഷ്യം വ്യക്തമാണ്—2028 ലോസ് ആഞ്ചലസ് പാരാലിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയ്ക്കായി മത്സരിക്കുക.
ഒരു കായികതാരത്തിനപ്പുറം ഒരു പ്രചോദനം
ആസിമിന്റെ പോരാട്ടം കായികരംഗത്ത് മാത്രം ഒതുങ്ങുന്നില്ല. എല്ലാവർക്കും പ്രചോദനമാകാനും മറ്റുള്ളവർക്ക് കൈത്താങ്ങാകാനും ലക്ഷ്യമിട്ട് “ആസിം വെളിമണ്ണ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്” രൂപീകരിച്ചു.
“EMBRACING THE INCLUSIVE EXCELLENCE” എന്നതാണ് ഫൗണ്ടേഷന്റെ മുദ്രാവാക്യം.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേർത്തുകൊണ്ടുവരിക, ഇൻക്ലൂസീവ് എജ്യുക്കേഷനും ഇൻക്ലൂസീവ് സ്പോർട്സും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങൾ.
ലോകവേദികളിലും കേരളത്തിന്റെ ശബ്ദം
2021-ൽ നെതർലാൻഡ്സ് ആസ്ഥാനമായ KidsRights Foundation-ന്റെ International Children’s Peace Prize-ന്റെ അന്തിമ മൂന്ന് ഫൈനലിസ്റ്റുകളിൽ ഒരാളായി ആസിം തിരഞ്ഞെടുക്കപ്പെട്ടു. 39 രാജ്യങ്ങളിൽ നിന്നുള്ള 169-ലധികം നാമനിർദേശങ്ങളിൽ നിന്നാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.
മലാല യൂസഫ്സായി, ഗ്രെറ്റ തുൻബർഗ് തുടങ്ങിയവർ മുൻകാലത്ത് ഈ പുരസ്കാരത്തിന്റെ ഫൈനലിസ്റ്റുകളും വിജയികളുമായിരുന്നു.
2022 ഖത്തർ ഫുട്ബോൾ ലോകകപ്പിലും ആസിമിന് ശ്രദ്ധേയമായ അനുഭവങ്ങൾ ലഭിച്ചു. ഉദ്ഘാടന വേദിയിൽ ശ്രദ്ധേയനായ ഭിന്നശേഷിക്കാരൻ ഗാനിം അൽ മുഫ്താഹുമായി കൂടിക്കാഴ്ച നടത്തി. അർജന്റീന–ഫ്രാൻസ് ഫൈനലിൽ ഫിഫയുടെ തിരഞ്ഞെടുപ്പിലൂടെ കളിക്കാർക്കൊപ്പം ഗ്രൗണ്ടിൽ ഇറങ്ങാനും മെസ്സി, എംബാപ്പെ, ജിറൂഡ് തുടങ്ങിയ താരങ്ങൾക്കൊപ്പം നിൽക്കാനും അവസരം ലഭിച്ചു.
പുരസ്കാരങ്ങളുടെ നീണ്ട പട്ടിക
യൂണിസെഫിന്റെ Child Achiever Award (2014), കേരള വനിതാ–ശിശു വികസന വകുപ്പിന്റെ പ്രഥമ Ujjwala Balyam Award (2017), കലാം ഫൗണ്ടേഷന്റെ Inspiring Indian Award (2018), 2024-ലെ കേരള സംസ്ഥാന ഭിന്നശേഷി അവാർഡ് – സ്പോർട്സ് വിഭാഗം, 2025-ലെ കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷന്റെ പ്രഥമ യുവ പ്രതിഭ പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ആസിമിനെ തേടിയെത്തി.
2024-ൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ “പരിമിതികളില്ലാതെ – Without Limitation” എന്ന പേരിൽ ആസിമിന്റെ ജീവിതത്തെ ആസ്പദമാക്കി പുസ്തകവും പുറത്തിറങ്ങി.
നിരവധി ഭിന്നശേഷി സ്ഥാപനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും ബ്രാൻഡ് അംബാസഡറായും ആസിം പ്രവർത്തിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി 2,000-ലധികം വേദികളിൽ തന്റെ സന്ദേശമെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചെറുതും വലുതുമായി 2,000-ലധികം ആദരവുകളും ഇതിനകം ലഭിച്ചു.
പരിമിതികൾക്കപ്പുറം സ്വപ്നങ്ങൾ
ആസിം പറയുന്ന ജീവിതദർശനം ലളിതമാണ്:
ഒരു മനുഷ്യന് കുറവുകൾ ഉണ്ടാകുന്നത് മനസ്സിൽ ഭയം നിറയുമ്പോഴാണ്. ഭയത്തെ അതിജീവിച്ച് ജീവിതത്തെ ധീരമായി നേരിടുന്നവനാണ് യഥാർത്ഥത്തിൽ പൂർണ്ണനായ മനുഷ്യൻ.
നമ്മൾ നിൽക്കുന്നത് എത്ര താഴെയായാലും വലിയ സ്വപ്നങ്ങൾ കാണണം. അവ യാഥാർഥ്യമാക്കാൻ പരിമിതികൾക്കപ്പുറത്തേക്ക് ചിറകുവിരിച്ച് പറക്കണം.
ഭാവിയിൽ വിമാനം പറത്തണം എന്നാണ് ആസിമിന്റെ സ്വപ്നം. അതിനപ്പുറം ലോകത്തിന് മറ്റൊരു വലിയ സന്ദേശം നൽകാനായി എവറസ്റ്റ് കൊടുമുടി കീഴടക്കണം എന്ന ആഗ്രഹവുമുണ്ട്.
ഭിന്നശേഷിക്കാർ സമൂഹത്തിന്റെ അരികിലല്ല, സമൂഹത്തിന്റെ തന്നെ ഭാഗമാണെന്ന് ലോകത്തോട് പറയുകയാണ് അവന്റെ ജീവിതം.
പെരിയാറിൽ അവൻ നീന്തിയത് 800 മീറ്റർ മാത്രം അല്ല…
മനുഷ്യരുടെ മനസ്സിലെ പരിമിതികളുടെ 800 മതിലുകളാണ്.
ഒരു കാലത്ത് ഒരു സ്കൂളിനുവേണ്ടി പോരാടിയ ബാലൻ ഇന്ന് രാജ്യത്തിനുവേണ്ടി നീന്തുന്നു.
ഒരു വീൽചെയറിൽ സെക്രട്ടേറിയറ്റിലേക്ക് സഞ്ചരിച്ച ബാലൻ ഇന്ന് ലോകവേദികളിലേക്ക് ഇന്ത്യയുടെ പതാകയുമായി സഞ്ചരിക്കുന്നു.
“എനിക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കും സാധിക്കും” എന്ന ആത്മവിശ്വാസമാണ് മുഹമ്മദ് ആസിം വെളിമണ്ണയുടെ ഏറ്റവും വലിയ മെഡൽ.
അവന്റെ ഓരോ നീന്തലും ഒരു റെക്കോർഡല്ല;
ഒരു സന്ദേശമാണ്.
ഓരോ വിജയവും ഒരു മെഡലല്ല;
ഒരു പ്രചോദനമാണ്.
മുഹമ്മദ് ആസിം വെളിമണ്ണ —
പരിമിതികളെ തോൽപ്പിച്ച്
ലോകത്തിന്റെ നീന്തൽവേദിയിലേക്ക് കുതിക്കുന്ന
കേരളത്തിന്റെ സ്വന്തം “പെരിയാറിന്റെ പോരാളി”.
