കോഴിക്കോട്: തുടർച്ചയായ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ ഒളിയജണ്ടകൾ നടപ്പിലാക്കാനാണ് അധികാര വർഗം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അത്തരം നീക്കങ്ങൾ രാജ്യത്തെ യുവജനങ്ങളെയടക്കം നിശബ്ദരാക്കിയേക്കുമെന്നും മുതിർന്ന കന്നഡ പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ ശിവ സുന്ദർ. മർകസ് കർണാടക സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ഇസ്ദിഹാർ’ കലാ-സാഹിത്യ ഫെസ്റ്റിവലിൽ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘എക്കോസ് ബിയോണ്ട് ദി വാൾ’ എന്ന പ്രമേയത്തിൽ മൂന്നുദിവസമായി നടക്കുന്ന പരിപാടികളിൽ 70 മത്സര ഇനങ്ങളിലായി 165 കർണാടക വിദ്യാർഥികളാണ് മാറ്റുരക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി കാമിൽ ഇജ്തിമാഅ് ഓഡിറ്റോറിയത്തിൽ നടന്ന തീം ടോക്കിൽ മൂളൂർ അൽ ഇഹ്‌സാൻ ദഅവാ കോളജ് പ്രധാന അധ്യാപകൻ മുഹമ്മദ് ഖാസിമി അളക്കെമജൽ വിഷയാവതരണം നടത്തി. സാംസ്‌കാരിക വൈവിധ്യത്താൽ അനുഗൃഹീതമാണ് കർണാടകയുടെ മണ്ണെന്നും എന്നാല്‍ അവ വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സാബിത് ബെങ്കിള സ്വാഗതവും ഹാഫിള് ജാസിൽ ബെങ്കിള നന്ദിയും പറഞ്ഞു. മത്സരങ്ങൾ ഇന്ന്(വെള്ളി) വൈകുന്നേരം സമാപിക്കും.
