കൊച്ചി: പച്ചാളത്ത് റെയിൽവെ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തിയ സംഭവം ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയിക്കുന്നു. ഇന്ന് പുലർച്ചെ നാലരയോടെ മൈസൂരു-തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയതിനു ശേഷമാണ് ട്രാക്കിന്റെ നടുവിൽ ആട്ടുകല്ല് ശ്രദ്ധയിൽപ്പെട്ടത്. ആട്ടുകല്ലിന് അധികം വലുപ്പമില്ലാതിരുന്നതിനാൽ ട്രെയിൻ അതിനു മുകളിലൂടെ കടന്നുപോയി. ഇതേ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ഉടൻ റെയിൽവെ പോലീസിൽ വിവരം അറിയിച്ചത്. ട്രാക്കിന്റെ വശങ്ങളിലാണ് ഇത് വെച്ചിരുന്നതെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു. ട്രാക്കിന്റെ നടുവിൽ ഭാരമേറിയ ഈ വസ്തു കൊണ്ടുവന്ന് വെച്ചതിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

നോർത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള പച്ചാളം റെയിൽവെ ഗേറ്റിനടുത്താണ് സംഭവം നടന്നത്. സംഭവസ്ഥലത്ത് ഒരു നായ ചിന്നിച്ചിതറിയ നിലയിൽ ചത്തുകിടക്കുന്നുണ്ട്. ട്രെയിൻ തട്ടിയാണോ നായ ചത്തതെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ട്രെയിൻ അട്ടിമറി ശ്രമമാണോ നടന്നതെന്ന സംശയത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *