തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിൽ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം അതിദാരിദ്ര്യമുക്തമായ സംസ്ഥാനമായി മാറിയെന്നും, ആരോഗ്യ രംഗത്തടക്കം വൻ മുന്നേറ്റമാണ് സർക്കാർ കൈവരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അധികാരവികേന്ദ്രീകരണം കേരളത്തിന്റെ വളർച്ചയ്ക്ക് നിർണായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റ് അംഗങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്ന കാര്യത്തിൽ നിലവിലുള്ള എംപിമാർ ഒറ്റക്കെട്ടായി നിലകൊള്ളുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവായ കാര്യങ്ങളിൽ പല ഘട്ടങ്ങളിലും കേരളത്തിൽ നിന്നുള്ള എംപിമാർ ശക്തമായി ശബ്ദമുയർത്തിയിട്ടുണ്ട്.
“പാർലമെന്റ് അംഗങ്ങൾ കേരളത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കേണ്ടവരാണ്. നാടിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിൽ നിന്ന് നേടിയെടുക്കാൻ ശ്രമിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. എംപിമാർ ഇപ്പോൾ അത് നിർവഹിക്കുന്നുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേകിച്ചും രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. രാജ്യസഭാംഗം എന്ന നിലയിൽ ബ്രിട്ടാസ് തന്റെ ദൗത്യം ഫലപ്രദമായി നിർവഹിച്ചു പോകുന്നുണ്ടെന്നും, പാർലമെന്റ് അംഗങ്ങളുടെ കൂട്ടത്തിൽ നല്ല രീതിയിൽ തന്നെ ഇടപെടൽ ശേഷി അദ്ദേഹം കാണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
