തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥിനികളെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസിന് ജാമ്യം ലഭിക്കാനിടയാക്കിയത് പൊലീസിന്റെ വീഴ്ച. അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസ് നല്‍കണമെന്ന നിയമപരമായ ചട്ടം പാലിച്ചില്ലെന്ന് കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു. അറസ്റ്റ് അനിവാര്യമായിരുന്നുവെന്ന് തെളിയിക്കുന്ന യാതൊരു വസ്തുതകളും പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. പ്രതി പരാതിക്കാരനെ സ്വാധീനിക്കുമെന്ന വാദം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസിന് ആധാരമായ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് കസ്റ്റഡി ആവശ്യമില്ലെന്നും പറഞ്ഞു.
പ്രതിയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് തെളിയിക്കുന്ന കാരണങ്ങള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ആരോഗ്യാവസ്ഥ സംബന്ധിച്ച് പ്രതിഭാഗം ഉയര്‍ത്തിയ ആശങ്ക പ്രോസിക്യൂഷന്‍ തള്ളിയില്ല. പ്രതിയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് തെളിയിക്കുന്ന കാരണങ്ങള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ല -ജാമ്യ ഉത്തരവില്‍ പറഞ്ഞു. പ്രതി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണെന്നും ആ നിലയില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും സോഷ്യല്‍ മീഡിയയും ഉപയോഗിക്കാമെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ ടി.ജി മോഹന്‍ദാസ് കാര്യമായി സഹകരിച്ചിരുന്നില്ല. തുടര്‍ന്നാണ് കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം അനുവദിച്ച കോടതി തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ടി.ജി മോഹന്‍ദാസിന്റെ ജാമ്യ വ്യവസ്ഥയിലുണ്ട്. പ്രതിയുടെ പ്രായവും ആരോഗ്യവും പരിഗണിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്ന് തിരുവനന്തപുരം അഡീഷണല്‍ ജീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു.

ടി.ജി മോഹന്‍ദാസിന് 71 വയസായെന്നും ഒരു സ്ട്രോക്ക് കഴിഞ്ഞതാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. സോറിയാസിസ്, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെ ഗുരുതര അസുഖങ്ങളുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് വാറന്റുപോലുമില്ലാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുത്ത് 11ാം ദിവസമാണ് മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയ തിരുവനന്തപുരത്തുനിന്നുള്ള സൈബര്‍ പൊലീസ് സംഘം മോഹന്‍ദാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *