തിരുവനന്തപുരം ; ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നു കാട്ടി, ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍എംഎല്‍എയ്ക്കു ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്.നസീറ ആണ് ഹര്‍ജി പരിഗണിച്ചത്. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. ഇതോടെ ദിവസങ്ങളായി ഒളിവില്‍ കഴിയുന്ന രാഹുലിന് കേരളത്തിലേക്ക് എത്താന്‍ കഴിയും. ബലാത്സംഗക്കേസില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.
വിവാഹക്കാര്യം പറഞ്ഞ് രാഹുല്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി മൊഴി നല്‍കിയിരുന്നു. ലൈംഗികപീഡനം ചൂണ്ടിക്കാട്ടി കെപിസിസി നേതൃത്വത്തിന് യുവതി അയച്ച ഇ-മെയില്‍ പൊലീസിനു കൈമാറിയതോടെയാണ് രാഹുലിനെതിരെ കേസെടുത്തത്. തുടര്‍ന്ന് ജി. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയെ ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ഹോം സ്‌റ്റേയിലെത്തിച്ച് ബലം പ്രയോഗിച്ചു രാഹുല്‍ ക്രൂരമായി ലൈംഗികപീഡനത്തിനിരയാക്കിയെന്ന മൊഴിയാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുലിന് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
