തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം കേൾക്കും. കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഐ.എഫ്.എഫ്.കെ.യിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയർമാനായിരുന്നു കുഞ്ഞുമുഹമ്മദ്.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ സ്ത്രീയോട് തലസ്ഥാനത്തെ ഹോട്ടൽ മുറിയിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവം. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി കന്റോൺമെന്റ് പോലീസിന് കൈമാറുകയായിരുന്നു.
