ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. 2019-ൽ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങൾ പുറത്തേക്ക് കൊണ്ടുപോയ സമയത്ത് ശബരിമല എ.ഒ. ആയിരുന്നു ഇദ്ദേഹം. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അന്വേഷണ സംഘം നടപടി സ്വീകരിച്ചത്. എന്നാൽ, ഉദ്യോഗസ്ഥൻ എന്ന നിലയിൽ മേൽത്തട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് ശ്രീകുമാർ കോടതിയിൽ വാദിച്ചത്.
അതേസമയം, 2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസു നൽകിയ ശുപാർശ പ്രകാരമാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതെന്ന് എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ ആരോപണവിധേയനായ മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനത്തിനായി ദേവസ്വം ബോർഡിന് കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നും, കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ താൻ സർവീസിൽ ഇല്ലായിരുന്നു എന്നുമാണ് എൻ. വാസുവിന്റെ വിശദീകരണം.
