സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട വിവരശേഖരണവും ഫോമുകളുടെ ഡിജിറ്റൈസേഷനും ഇന്ന് പൂർത്തിയാകും. വീടുകൾ കയറിയുള്ള എന്യൂമറേഷൻ നടപടികൾ നൂറു ശതമാനത്തോട് അടുക്കുകയാണ്. കണ്ണൂർ, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളൊഴികെ മറ്റെല്ലായിടത്തും ഡിജിറ്റൈസേഷൻ പൂർത്തിയായിക്കഴിഞ്ഞു. ഈ പരിഷ്‌കരണത്തിലൂടെ ഏകദേശം 25 ലക്ഷത്തോളം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്. ബി.എൽ.ഒമാർക്ക് എന്തെങ്കിലും തിരുത്തലുകൾ വരുത്താനുണ്ടെങ്കിൽ ഇന്ന് കൂടി അതിന് സമയമുണ്ട്. ഡിസംബർ 23-ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
അതേസമയം, വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികൾ നീട്ടി വെക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യമുൾപ്പെടെയുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. നടപടികൾ രണ്ടാഴ്ച കൂടി നീട്ടണമെന്നാണ് സർക്കാരിന്റെ ആവശ്യം. നിലവിൽ കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലായതിനാൽ കോടതിയുടെ ഇന്നത്തെ നിലപാട് ഏറെ നിർണ്ണായകമാണ്. കരട് പട്ടികയിൽ പരാതികളുണ്ടെങ്കിൽ ജനുവരി 22 വരെ അറിയിക്കാവുന്നതാണ്. ഫെബ്രുവരി 21-നായിരിക്കും അന്തിമ വോട്ടർപട്ടിക പുറത്തിറക്കുക.
