കൊച്ചി: ഇന്ത്യൻ സാംസ്കാരിക വൈവിധ്യം ഒന്നിക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് 2025ന്റെ വേദികൾ സജ്ജമായതായി സംഘാടകർ അറിയിച്ചു .സുഭാഷ് പാർക്ക്, രാജേന്ദ്ര മൈതാനം , ദർബാർ ഹാൾ ഗ്രൗണ്ട് , കേരള ഫൈൻ ആർട്സ് ഹാൾ എന്നിവിടങ്ങളിലാണ് ഉദ്ഘാടനസമ്മേളനം ഉൾപ്പടെയുള്ള പ്രധാന പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് .
സുഭാഷ് പാർക്ക് , ടി .കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം, മഹാരാജാസ് കോളജ്, ചാവറ കൾച്ചറൽ സെന്റർ , കേരള ലളിതകലാ അക്കാദമി തുടങ്ങിയവയാണ് മറ്റു വേദികൾ .
തുല്യനീതി ഉൾകൊണ്ടുകൊണ്ടുള്ള നിരവധി സംവാദങ്ങളും സെമിനാറുകളുമാണ് പ്രഥമ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ത്രിദിന സമ്മേളനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഒന്നാം ദിവസമായ ഡിസംബർ 20(ശനി) ലോക നാടകവേദി ഉയർത്തിയ പ്രതിരോധവും സാമൂഹിക പരിവർത്തനങ്ങളും , കേരളം ഇന്നലെ ഇന്ന് നാളെ ,മനുഷ്യരും മതവും , ചലച്ചിത്രത്തിന്റെ സാംസ്കാരിക രാഷ്ട്രീയം , പരിസ്ഥിതിയും സംസ്കാരവും നാടൻ ഗോത്രകലകളിൽ എന്നി വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട് .
ഡിസംബർ 21ന് ഭാഷ- ജീവിതം-സംസ്കാരം, മാധ്യമങ്ങളുടെ സാംസ്കാരിക നീതി , ഇക്കാലത്തെ എഴുത്തുകാരന്റെ ദൗത്യം , പുരുഷാധിപത്യവും സാംസ്കാരിക പ്രതിരോധവും തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ നടത്തും.
ഡിസംബർ 22 ന് വിദ്യാഭ്യാസ മേഖലകളിലെ സമകാലിക പ്രതിസന്ധികൾ, മിത്തും ശാസ്ത്രവും വർത്തമാനകാലത്ത് ,നമ്മുടെ ഇന്ത്യ അവരുടെ ഇന്ത്യ എന്നി വിഷയങ്ങളിലാണ് സെമിനാർ നടക്കുന്നത് .
എല്ലാ ദിവസവും വൈകുന്നേരം വിവിധ സംസ്ഥാനങ്ങളിലെ തനത് കലാരൂപങ്ങളും പുരാതന-നൂതന നൃത്തനൃത്തങ്ങളും അവതരിപ്പിക്കും . ഫോക്ലോർ അക്കാദമി, ഗുരു ഗോപിനാഥ് നടനഗ്രാമം,കേരള കലാമണ്ഡലം,ഭാരത് ഭവൻ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന കലാരൂപങ്ങളുടെ സമന്വയ അവതരണം ഉണ്ടാകും.
വൈകുംനേരം അഞ്ചുമുതൽ വിവിധ സംഗീത നൃത്ത രൂപങ്ങൾ , നാടകം , പഞ്ചവാദ്യം , കഥാപ്രസംഗം , ചലച്ചിത്ര പ്രദർശനം ,സൈക്കിൾ യജ്ഞം, തെരുവ് സർക്കസ് തുടങ്ങി വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും . കോറസ് (Chorus)2. ബാറ്റിൽഷിപ്പ് പോടെംകിൻ (Battleship Potemkin)3. അങ്കൂർ (Ankur)4. ചെമ്മീൻ (Chemmeen)5. മേഘേ ധാക്കാ താര (Meghe Dhaka Thara)6. നിർമാല്യം (Nirmalyam)7. കുട്ടിസ്രാങ്ക് (Kuttysrank)8. വാസ്തുഹാര (Vasthuhara)9. ഓർമ്മകൾ ഉണ്ടായിരിക്കണം (Ormakal Undayirikkanam)10. നസീം (Naseem)11. കഥാപുരുഷൻ (Kadha Purushan) തുടങ്ങിയ സിനിമകൾ പ്രദർശിപ്പിക്കും .
ചിത്രകല , ശിൽപ്പകല , ഇൻസ്റ്റലേഷൻ , കാർട്ടൂൺ തുടങ്ങിയ വിവിധ ഗ്യാലറികൾ കേരള ലളിതകലാ അക്കാദമിയിൽ ഒരുക്കിയിട്ടുണ്ട് .
എല്ലാ വേദികളിലും ഇരുപതോളം വേഷങ്ങളിൽ വലിയ കാരിക്കേച്ചർ പപ്പറ്റ് ഷോ അവതരിപ്പിക്കും .
എഴുത്തുകാർ , രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ എന്നിവരുമായി മുഖാമുഖം സംവദിക്കാനുള്ള അവസരമുണ്ട് .
എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ പുസ്തകോത്സവവും ഉണ്ടാകും .
സെമിനാറുകളിലും ചർച്ചകളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യേണ്ട ഗൂഗിൾ ഫോം, സാംസ്കാരിക വകുപ്പ് അദ്ധ്യക്ഷ കാര്യാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ culturedirectorate.kerala.gov.in-ൽ ലഭ്യമാണ്. രജിസ്ട്രേഷൻ സൗജന്യമാണ് .
