പത്തനംതിട്ട: ശബരിമല തീർഥാടകർക്കിടയിൽ കുറ്റവാളികൾ കടന്നുകൂടാൻ സാധ്യതയുണ്ടെന്നും നിരീക്ഷിക്കാൻ പ്രത്യേക സംവിധാനമൊരുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ശബരിമലയിൽ ക്രൗഡ് മാനേജ്മെൻ്റ് ഫലപ്രദമാക്കുമെന്നും ഇൻ്റലിജൻസ് നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖറും വ്യക്തമാക്കി. ദർശനത്തിനുള്ള സംവിധാനം സുഗമമാക്കും. തീർഥാടക ബാഹുല്യം വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുത്തുതന്നെ മുന്നോട്ട് പോകുമെന്നും ഡിജിപി പറഞ്ഞു.
ശബരിമല മണ്ഡലകാല-മകരവിളക്ക് തീർഥാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിൽ. മന്ത്രിമാരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്ത അവലോകന യോഗങ്ങളിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് കൺട്രോൾ റൂമുകൾ സജ്ജമാക്കും. പ്രധാന വകുപ്പുകളിലെ നോഡൽ ഓഫീസർമാർ ഇവിടെയുണ്ടാകും. നിലയ്ക്കലിൽ പോലീസിന്റെ കൺട്രോൾ റൂമും ഇന്റഗ്രേറ്റഡ് കൺട്രോൾ റൂമും ഒരുമിച്ചായിരിക്കും പ്രവർത്തിക്കുക. തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പ്രത്യേക മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
തീർത്ഥാടന പാതകളിലും കാനനപാതയിലുമായി 22 എമർജൻസി മെഡിക്കൽ സെന്ററുകൾ ഈ മാസം 10-ഓടെ പ്രവർത്തനസജ്ജമാകും. സന്നിധാനത്ത് മൂന്ന് ആംബുലൻസുകളുടെ സേവനവുമുണ്ടാവും. തീർത്ഥാടനകാലത്ത് ശുചിത്വം ഉറപ്പാക്കാൻ ശുചിത്വ മിഷന്റെ ‘നിർമ്മലം ശബരിമല’ പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കും. പമ്പയിൽ ഭക്തർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന ശേഖരിച്ച് നീക്കം ചെയ്യും. പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കും. റോഡ് നിർമ്മാണം പുരോഗമിക്കുന്നതായി അവലോകനയോഗം വിലയിരുത്തിയിരുന്നു.
