നടന്‍ ശ്രീനിവാസന്റെ വിയോഗത്തില്‍ വിതുമ്പി സംവിധായകന്‍ സത്യന്‍ അന്തിക്കാട്ട്. ഇപ്പോഴും പോകും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു

ഞാന്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും കാണാന്‍ പോകാറുണ്ടായിരുന്നു. മിനിഞ്ഞാന്ന് സംസാരിച്ചിരുന്നു. ഇപ്പോഴും പോകും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നില്ല. രണ്ടാഴ്ച കൂടുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകും രാവിലെത്തൊട്ട് വൈകുന്നേരം വരെയവിടെ ഇരിക്കും. ചിന്തകളും ബുദ്ധിയും ഒക്കെ വളരെ ഷാര്‍പ്പ് ആണ്. കഴിഞ്ഞ തവണ കണ്ടപ്പോള്‍ പറഞ്ഞു എനിക്ക് മതിയായെന്ന്. കുറച്ചുനാളായി അസുഖമായി കിടക്കുകയാണല്ലോ. തിരഞ്ഞെടുപ്പ് കാലത്ത് സന്ദേശം വീണ്ടും ചര്‍ച്ചയായപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു – പറഞ്ഞ് പൂര്‍ത്തീകരിക്കാനാകാതെ സത്യന്‍ അന്തിക്കാട് വിതുമ്പി.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.

ശ്രീനിവാസന്‍ എന്ന കലാകാരന്റെ പ്രതിഭ പൂര്‍ണ്ണമായും വെളിപ്പെടുന്നത് തിരക്കഥാ രംഗത്താണ്. 1984-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അരങ്ങേറ്റം. സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി ഒ കണ്ടാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ ഒപ്പം ചേര്‍ക്കുന്നത്. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍പ്പിറന്ന സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങള്‍ സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചു. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് മലയാള സിനിമയിലെ ഒരു പാഠപുസ്തകമായിരുന്നു ‘സന്ദേശം’.

സംവിധായകന്റെ കുപ്പായത്തിലും ശ്രീനിവാസന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അപകര്‍ഷതാബോധമുള്ള ഒരു ഭര്‍ത്താവിന്റെ കഥ പറഞ്ഞ വടക്കുനോക്കിയന്ത്രം മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി. ഒരു ഗ്രാമീണന്റെ സാമൂഹിക കാഴ്ചപ്പാടുകളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ചിന്താവിഷ്ടയായ ശ്യാമള അപൂര്‍വ അനുഭവങ്ങളിലൊന്നായി. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ ശ്രീനിവാസനെ തേടിയെത്തി.

Leave a Reply

Your email address will not be published. Required fields are marked *