കൊച്ചി : ആക്ഷേപഹാസ്യങ്ങളിലൂടെയും നർമത്തിലൂടെയും മലയാളികളെ അരനൂറ്റാണ്ടു കാലം ചിരിപ്പിച്ച ശ്രീനിവാസൻ (69) ഇനി ഓർമത്തിരയിലേക്ക്. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വച്ച് അന്തരിച്ച് ശ്രീനിവാസന്റെ സംസ്കാരച്ചടങ്ങുകൾ ഉദയംപേരൂരിന് സമീപം കണ്ടനാടുള്ള വീട്ടുവളപ്പിൽ നടന്നു. മൂത്തമകൻ വിനീത് ശ്രീനിവാസനാണ് അന്ത്യകർമങ്ങൾ ചെയ്തത്. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ. മരുമക്കൾ: ദിവ്യ, അർപ്പിത.
ഡയാലിസിസിനായി കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് താലൂക്ക് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ എറണാകുളം ടൗൺ ഹാളിലും വൈകീട്ടും ഇന്ന് രാവിലെയുമായി വീട്ടിലും നടന്ന പൊതുദർശനത്തിന് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. രാഷ്ട്രീയ–ചലച്ചിത്ര–സാമൂഹിക മേഖലയിൽ നിന്നുള്ളവർ ശ്രീനിയെ അവസാനമായി ഒരുനോക്ക് കാണാൻ കണ്ടനാട്ടെ വീട്ടിലെത്തിയിരുന്നു.
