വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ്. റാം നാരായണൻ കൊല്ലപ്പെട്ട് നാലുദിവസം കഴിഞ്ഞിട്ടും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്ന് കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പ്രതികരിച്ചു. അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സർക്കാർ നിലപാട് അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

നാരായൺ ദളിത് വിഭാഗത്തിൽപ്പെടുന്ന ആളാണ്. കൊലപാതകത്തിൽ ഉൾപ്പെട്ട ആളുകൾക്കെതിരെ നടപടിയെടുക്കുന്നതിലും പോലീസിനെ ഗുരുതര വീഴ്ചയുണ്ടായി. കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണം. പതിനഞ്ചോളം പ്രതികൾ ഉണ്ടെന്നറിക്ക് നാലുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം റാം നാരായണന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കോൺഗ്രസ് ഏറ്റെടുക്കും. ചെലവ് വഹിക്കാൻ ഡിസിസിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർദേശം നൽകി. സർക്കാർ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ചെലവ് വഹിക്കാനാണ് ഡിസിസിക്ക് നൽകിയിരിക്കുന്ന നിർദേശം.

അതിനിടെ പാലക്കാട്‌ വാളയാറിലെ ആൾകൂട്ടക്കൊലപാതകത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ വ്യാപക പ്രതിഷേധവും വിമർശനവും ഉയർന്നതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.

വാളയാര്‍ അട്ടപ്പളത്താണ് ആള്‍ക്കൂട്ട മര്‍ദനം നടന്നത്. മോഷ്ടാവെന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ മര്‍ദിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം.

കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നുവർഷം മുൻപ് ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികൾ സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെച്ചു. കള്ളൻ എന്ന് ആരോപിച്ചു മർദ്ദിച്ചു. പുറം മുഴുവൻ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്കുണ്ട്. അവശനിലയിലായ രാമനാരായണനെ പൊലീസ് എത്തി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *