ക്രിസ്മസ്- പുതുവത്സര വിപണിയോട് അനുബന്ധിച്ച് വെളിച്ചെണ്ണയുടെ വില കുറയ്ക്കാൻ നീക്കവുമായി സപ്ലൈകോ. ഒരു കിലോ ശബരി വെളിച്ചെണ്ണ 329 രൂപയ്ക്ക് നൽകും. സപ്ലൈകോ വഴി 319 രൂപയ്ക്ക് നൽകുന്ന സബ്സിഡി വെളിച്ചെണ്ണ 309 രൂപയ്ക്ക് നൽകും.മറ്റ് സപ്ലൈകോ ഉൽപന്നങ്ങൾക്കും വില കുറയ്ക്കാൻ ആലോചനയുണ്ട്.
ക്രിസ്മസ് പുതുവത്സര വിപണി ഇന്നുമുതൽ ജനുവരി ഒന്നു വരെ എല്ലാ ജില്ലകളിലും നടക്കും. ഒരു കിലോ ആട്ട 17 രൂപ നിരക്കിൽ വെള്ള -നില കാർഡ് ഉടമകൾക്ക് നൽകും. രണ്ട് കിലോ വരെ സപ്ലൈകോയിൽ നിന്ന് വാങ്ങാം. നേരത്തെ മഞ്ഞ – പിങ്ക് കാർഡ് ഉടമകൾക്ക് മാത്രമായിരുന്നു 17 രൂപ നിരക്കിൽ ആട്ട നൽകിയിരുന്നത്.
അതേസമയം സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനിൽ ഡിസംബർ 22ന് രാവിലെ പത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും. ആൻറണി രാജു എംഎൽഎ അധ്യക്ഷനാവുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും. ജനുവരി ഒന്നുവരെ നീളുന്ന ഫെയറുകളിൽ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് 50% വരെ വിലക്കുറവും 667 രൂപയുടെ പ്രത്യേക കിറ്റ് 500 രൂപയ്ക്കും ലഭ്യമാകും.
