ശബരിമല സ്വർണക്കൊള്ള കേസിലെ പത്താം പ്രതിയായ ബെല്ലാരി സ്വദേശി ഗോവർദ്ധന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. താൻ നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയ തോതിൽ സംഭാവനകൾ നൽകുന്ന വ്യക്തിയാണെന്നുമാണ് സ്വർണ്ണ വ്യാപാരിയായ ഗോവർദ്ധൻ ഹർജിയിൽ വാദിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച 400 ഗ്രാമിലധികം സ്വർണ്ണം ശബരിമലയിലേതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്നെ പത്തുലക്ഷം രൂപ ഡിഡിയായും പത്ത് പവന്റെ മാലയായും തിരികെ നൽകിയിട്ടുണ്ടെന്നും, ഇതുവരെ ഏകദേശം ഒന്നരക്കോടി രൂപ ക്ഷേത്രത്തിന് നൽകിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നും ഇയാൾ കോടതിയെ അറിയിച്ചു.

എന്നാൽ, ഈ വാദങ്ങളെ ശക്തമായി എതിർക്കുന്ന നിലപാടാണ് പ്രത്യേക അന്വേഷണ സംഘം (SIT) സ്വീകരിച്ചിരിക്കുന്നത്. ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഗോവർദ്ധൻ അത് കൈക്കലാക്കിയതെന്നും, ഈ സ്വർണ്ണം പിന്നീട് മറിച്ചുവിറ്റതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചു. ബെല്ലാരിയിലെ കടയിൽ നിന്ന് അന്വേഷണസംഘം സ്വർണ്ണക്കട്ടികൾ പിടിച്ചെടുത്തത് ഭീഷണിപ്പെടുത്തിയാണെന്ന പ്രതിയുടെ ആരോപണം തള്ളിക്കളഞ്ഞ പോലീസ്, ഗോവർദ്ധന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *