കർണ്ണാടകയിലെ ബുൾഡോസർ രാജിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. അവരോട് ബന്ധപ്പെട്ടിട്ടുണ്ട്. ഒഴിവാക്കപ്പെട്ടവർക്ക് എത്രയും വേഗം താമസസൗകര്യം ഒരുക്കി നൽകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലെ ഭരണകക്ഷിയുടെ തോൽവി, പരാജയത്തിന്റെ കാരണം അവർ തന്നെ പഠിച്ചു കൊണ്ടിരിക്കുകയാണല്ലോ. പഠിച്ചിട്ട് അവർ നമ്മളെ കക്ഷി ചേർക്കുകയാണെങ്കിൽ അപ്പോൾ പ്രതികരിക്കാം. നിമിഷപ്രിയ കേസിൽ ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്തു. മതമോ രാഷ്ട്രീയമോ നോക്കിയിട്ടില്ല. നിലവിലെ സാഹചര്യങ്ങൾ അറിയില്ല. സർക്കാരിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും കാന്തപുരം വ്യക്തമാക്കി.
അതേസമയം കർണാടകയിൽ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർത്ത സംഭവം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സർക്കാർ ഭൂമി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയുണ്ടായതെങ്കിലും അവിടെ താമസിച്ചിരുന്ന ജനങ്ങളുടെ സാഹചര്യം കൂടി പരിഗണിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അവിടെ താമസിച്ചുകൊണ്ടിരുന്ന ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വന്നതിൽ സർക്കാരിന് നിയമപരമായ ന്യായങ്ങളുണ്ടാകാം. അത് സർക്കാർ ഭൂമി ആയതിനാലാണ് നടപടി ഉണ്ടായതെങ്കിലും ഇത്തരത്തിൽ ബുൾഡോസർ ഉപയോഗിച്ചുള്ള നീക്കങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നതാണ് ഞങ്ങളുടെ പക്ഷം. വീട് നഷ്ടപ്പെട്ട ആളുകളെ പുനരധിവസിപ്പിക്കുമെന്നും അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ചെയ്തു കൊടുക്കുമെന്നും കർണാടക മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഈ നിലപാട് നല്ലൊരു കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
