ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സാമുദായിക വിദ്വേഷം പടർത്തുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, രജിസ്‌ട്രേഷൻ പൂർത്തിയാക്കാതെ പ്രവർത്തിക്കുന്ന ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് ജില്ലാ കളക്ടർ രണ്ടു മാസത്തെ വിലക്കേർപ്പെടുത്തി. വ്യാജവാർത്തകൾ തടയുന്നതിന്റെ ഭാഗമായാണ് കർശന നടപടി.

കാട്ടിൽ നിന്ന് തടി കൊണ്ടുവരികയായിരുന്ന സംഘത്തിന്റെ പക്കൽ നിന്നും ഒരു തടി മദ്രസയ്ക്ക് സമീപം വീണതിനെ ചൊല്ലി ആരംഭിച്ച തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇരുവിഭാഗങ്ങൾ തമ്മിൽ പരസ്പരമുണ്ടായ കല്ലേറിലും ഏറ്റുമുട്ടലിലും നിരവധി പേർക്ക് നിസാര പരിക്കേറ്റു. സംഭവത്തിൽ ബിഎൻഎസ് 125, 125(എ), 191(2) വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആരാധനാലയത്തിന് നേരെ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുവാവ് നവമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്. സാമുദായിക കലാപത്തിനുള്ള ശ്രമമാണിതെന്ന് ആരോപിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ബിഎൻഎസ് 353 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കിഷ്ത്വാർ ജില്ലയിൽ പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ മുഴുവൻ ഓൺലൈൻ വാർത്താ പോർട്ടലുകളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും സോഷ്യൽ മീഡിയ വാർത്താ പേജുകളുടെയും പട്ടിക ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ ജില്ലാ കളക്ടർ ഇൻഫർമേഷൻ ഓഫീസർക്ക് നിർദേശം നൽകി. വ്യാജവാർത്തകൾ തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിലക്ക് ഉത്തരവ് കർശനമായി നടപ്പിലാക്കാൻ ജില്ലാ പൊലീസ് സൂപ്രണ്ടിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *