കാസർകോട് ∙ ബേക്കൽ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വേടന്റെ പരിപാടി കാണാൻ ആളുകൾ കയറിയത് മരത്തിന് മുകളിൽ വരെ. അനിയന്ത്രിതമായ തിരക്കിനെത്തുടർന്ന് നിരവധിപ്പേരാണ് ശ്വാസം കിട്ടാതെ കുഴഞ്ഞുവീണത്. കാസർകോട് നവംബർ 23ന് ഹനാൻ ഷാ പരിപാടി അവതരിപ്പിക്കാൻ എത്തിയപ്പോഴും സമാനമായ രീതിയിൽ വൻ തിരക്കുണ്ടാകുകയും പൊലീസ് ലാത്തിച്ചാർച്ച് നടത്തുകയും ചെയ്തിരുന്നു. തിക്കിലും തിരക്കിലും പെട്ട് ഇത്തവണയും നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും ട്രെയിൻ തട്ടി യുവാവ് മരിക്കുകയും ചെയ്തു.
പാർക്കിങ്ങിനുൾപ്പെടെ വിപുലമായ സൗകര്യം ഒരുക്കിയെങ്കിലും ജനത്തിരക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല. 9 മണിക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി വേടൻ എത്താൻ വൈകിയതോടെ ഒന്നര മണിക്കൂർ താമസിച്ചാണ് തുടങ്ങിയത്. ഇതിനകം തന്നെ പരിപാടി നടക്കുന്ന ഗ്രൗണ്ടിൽ ആളുകൾ തിങ്ങി നിറഞ്ഞു. വിഐപികൾക്കും ഫാൻസുകൾക്കും പ്രത്യേകം സ്ഥലം വേലി തിരിച്ച് ക്രമീകരിച്ചെങ്കിലും തിരക്ക് കൂടിയതോടെ ഈ വേലികളെല്ലാം തകർത്തു. പരിപാടി ആസ്വദിക്കാൻ എത്തിയവരും പൊലീസും തമ്മിൽ കയ്യാങ്കളിയുമുണ്ടായി. ശ്വാസം കിട്ടാതെ തളർന്നു വീണവരെ സ്ട്രെച്ചറിൽ എടുത്തുകൊണ്ടുപോകുകയായിരുന്നു.
ബീച്ച് പാർക്കിലേക്ക് ബേക്കൽ റെയിൽവേ സ്റ്റേഷനിൽനിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയിൽവേ അടച്ചിരുന്നു. എന്നാൽ ഇതും മറികടന്ന് ആളുകൾ എത്തി. ഇങ്ങനെ റെയിൽവേ ട്രാക്കിലൂടെ വരുന്നതിനിടെയാകാം യുവാവിനെ ട്രെയിൻ തട്ടിയതെന്നാണ് കരുതുന്നത്. പൊയ്നാച്ചി പറമ്പ സ്വദേശി വേണുഗോപാലിന്റെ മകൻ ശിവാനന്ദ് (20) ആണ് മരിച്ചത്. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്.
