ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വമ്പൻ സ്രാവുകളുണ്ടെന്നും വിദേശത്തേക്ക് വരെ നീളുന്ന ഈ അഴിമതി ശൃംഖല പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാർ മാത്രം വിചാരിച്ചാൽ ശബരിമലയിൽ ഇത്രയും വലിയൊരു സ്വർണ്ണക്കൊള്ള നടത്താനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. “മന്ത്രി അറിയാതെ ഇതൊക്കെ സംഭവിച്ചു എന്ന് ആര് വിശ്വസിക്കും?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സത്യത്തെ സ്വർണ്ണപ്പാളികൾ കൊണ്ട് മൂടിവെക്കാൻ ശ്രമിച്ചാലും അത് പുറത്തുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും, ഈ കേസിന്റെ കണ്ണികൾ വിദേശത്തുള്ളതിനാൽ എസ്.ഐ.ടിക്ക് മാത്രം സത്യം പുറത്തുകൊണ്ടുവരാനാകില്ല. സി.പി.എം നേതാക്കൾ ജയിലിലേക്ക് ഘോഷയാത്രയായി പോയിക്കൊണ്ടിരിക്കുകയാണ്. വമ്പൻ സ്രാവുകൾ വലയിലാകുമെന്നും ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അയ്യപ്പനോട് കളിച്ചാൽ രക്ഷയില്ല അന്വേഷണത്തിൽ ഹൈക്കോടതി തന്നെ വിമർശനം ഉന്നയിച്ചത് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നു. സർക്കാരിലെ ഉന്നതർക്ക് ഈ കൊള്ളയിൽ പങ്കുണ്ട്. അയ്യപ്പനോട് കളിച്ചാൽ ആർക്കും രക്ഷയുണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
