സംസ്ഥാനത്തെ പത്ത് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കക്കി, ഷോളയാർ, മാട്ടുപ്പെട്ടി, കുന്ദള, കല്ലാർകുട്ടി, പെരിങ്ങൽകുത്ത്, മൂഴിയാർ, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ അഞ്ച് ഡാമുകളിലും ഇലക്രിസിറ്റി വകുപ്പിന്റെ മൂന്ന് ഡാമുകളിലും ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രി കെ രാജനാണ് വാർത്താ സമ്മേളനത്തിനിടെ ഇക്കാര്യം അറിയിച്ചത്.
അതേസമയം പത്തനംതിട്ടയിലെ രണ്ട് ഡാമുകൾ തുറന്നു. കക്കി– ആനത്തോട് ഡാമും ഷോളയാർ ഡാമുമാണ് തുറന്നത്. കക്കി– ആനത്തോട് അണക്കെട്ടിന്റെ രണ്ട് ഷർട്ടറുകൾ 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയർത്തിയിട്ടുണ്ട്. ഡാം തുറന്നതോടെ ആദ്യം പമ്പ-ത്രിവേണിയിലേക്കും പിന്നെ കണമല വഴി പെരുന്തേനരുവി വഴി കക്കട്ടാറിലും പിന്നെ പെരുന്നാട് കഴിഞ്ഞ വടശ്ശേരിക്കരയിലും അവിടെ നിന്നും അപ്പർ കുട്ടനാട്ടിലേക്കും ജലമെത്തും. ഒരു മണിയോടെ പമ്പ ത്രിവേണിയിൽ ജലനിരപ്പുയരും.കക്കി ഡാം തുറന്ന പശ്ചാത്തലത്തിൽ ചെങ്ങന്നൂരിൽ ജാഗ്രതാനിർദേശമുണ്ട്. നദീതീരത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
