തിരുവനന്തപുരത്ത് നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസിനും മുസ്ലീം ലീഗിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രൂക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മോദി കേരളത്തിൽ എത്തിയത് വർഗീയത സംസാരിക്കാനാണെന്നും ജനങ്ങളെ വിഡ്ഢികളാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു. ഉത്തർപ്രദേശിലും ബിഹാറിലും പറയുന്ന വർഗീയ പ്രസംഗങ്ങൾ കേരളത്തിൽ വിലപ്പോകില്ലെന്നും, മുസ്ലീം ലീഗിന്റെയും കേരളത്തിന്റെയും മതസൗഹാർദ്ദ ചരിത്രം പ്രധാനമന്ത്രി ആദ്യം പഠിക്കണമെന്നും അദ്ദേഹം ആഞ്ഞടിച്ചു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ്, എല്‍ഡിഎഫ് ഭരണത്തിനെതിരെയും കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പാര്‍ട്ടികള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. കേരളത്തെ ഒരു വർഗീയ പരീക്ഷണശാലയായി കോൺഗ്രസ് ഉപയോഗിക്കുകയാണെന്നും എൽഡിഎഫും യുഡിഎഫും അഴിമതിയുടെയും ദുർഭരണത്തിന്റെയും ഒരേ അജണ്ടയുള്ളവരാണെന്നും മോദി കുറ്റപ്പെടുത്തി. വികസിത കേരളത്തിനായി എൻഡിഎയെ തിരഞ്ഞെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു. ബാബരി മസ്ജിദ് തകർത്ത സമയത്ത് അയ്യപ്പ ഭക്തരെ സഹായിച്ചതും അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോൾ തീ അണയ്ക്കാൻ മുന്നിട്ടിറങ്ങിയതും മുസ്ലീം ലീഗ് ആണെന്ന ചരിത്രം വേണുഗോപാൽ മറുപടിയിൽ ചൂണ്ടിക്കാട്ടി. ‌

Leave a Reply

Your email address will not be published. Required fields are marked *