ചാത്തമംഗലം: കാംപസുകളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം യുവതലമുറയുടെ ശാരീരിക-മാനസികാരോഗ്യത്തെയും പഠന ജീവിതത്തെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ സമൂഹത്തിനു ജാഗ്രതാമുന്നറിയിപ്പുമായി ദയാപുരം വിമൻസ് കോളേജ് വിദ്യാർത്ഥിനികൾ ചാത്തമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
അക്കാദമിക് തകർച്ച, പെരുമാറ്റ വ്യതിയാനങ്ങൾ, മാനസികാസ്വാസ്ഥ്യം, കുടുംബബന്ധങ്ങളിലെ വിള്ളല്‍, സാമ്പത്തികത്തകർച്ച, അക്രമവാസന തുടങ്ങിയ സാമൂഹിക അരാജകത്വങ്ങള്‍ക്ക് ലഹരിയുടെ ദുരുപയോഗം കാരണമാകുന്നുവെന്ന സന്ദേശമാണ് ഫ്ലാഷ് മോബിലൂടെ വിദ്യാർത്ഥിനികൾ മുന്നോട്ടുവച്ചത്.
കോളേജ് എൻഎസ്എസ് യൂണിറ്റ്, വിമൻ ഡെവലപ്മെന്റ് സെൽ, ക്യാമ്പസസ് ഓഫ് കോഴിക്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫ്ലാഷ് മോബില്‍ 20 വിദ്യാർത്ഥികള്‍ പങ്കെടുത്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ, പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി.

ദയാപുരം എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ രാജേഷ് എ.പി, വിദ്യാർത്ഥി കോ-ഓർഡിനേറ്റർ അപർണ കെ.എം, വിമൻ ഡെവലപ്മെന്റ് സെൽ ഇന്‍-ചാർജ്ജ് ശ്രീലക്ഷ്മി എം, ക്യാമ്പസസ് ഓഫ് കോഴിക്കോട് ഇന്‍-ചാർജ്ജ് ശ്രീലക്ഷ്മി പി.എസ് എന്നിവർ നേതൃത്വം നല്കി.
