കോഴിക്കോട്: മാളിക്കടവിൽ 26-കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി വൈശാഖന്റെ ക്രൂരകൃത്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷവും യുവതി മൂന്ന് തവണ പീഡനത്തിനിരയായതായി പോലീസ് കണ്ടെത്തി. പ്രതിയുടെ വർക്ഷോപ്പിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായക തെളിവുകളായത്.
ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതി യുവതിയെ തന്റെ വർക്ഷോപ്പിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകി അവശയാക്കി. തുടർന്ന് മരിക്കാനെന്ന വ്യാജേന കഴുത്തിൽ കുരുക്കിടാൻ പ്രേരിപ്പിക്കുകയും, കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂൾ ചവിട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പത്ത് വർഷത്തോളമായി യുവതിയുമായി പ്രതി ബന്ധം പുലർത്തുന്നുണ്ട്. വൈശാഖന് മറ്റൊരു കാമുകി ഉണ്ടെന്ന വിവരമറിഞ്ഞത് യുവതി ചോദ്യം ചെയ്തിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. യുവതിയുടെ നഗ്നദൃശ്യങ്ങൾ കാണിച്ച് പ്രതി മുൻപും അവരെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
കൊലപാതകം നടക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് യുവതി തന്റെ ആശങ്കകൾ ഡയറിയിൽ രേഖപ്പെടുത്തി കൗൺസിലർക്ക് അയച്ചുകൊടുത്തിരുന്നു. താൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി വൈശാഖൻ ആയിരിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
