കോഴിക്കോട്: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി വി അൻവർ തന്നെയാകും യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥിരീകരിച്ചു. ബേപ്പൂരിൽ അൻവർ പ്രചാരണം ആരംഭിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ബേപ്പൂരിൽ അൻവറിന്റെ സ്ഥാനാർത്ഥിത്വത്തിൽ ആർക്കും സംശയം വേണ്ടെന്നും, അദ്ദേഹം മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് എംഎൽഎയായി നിയമസഭയിലെത്തുമെന്നും സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോകുകയാണെന്നും പാർട്ടി സംവിധാനങ്ങൾ അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻവർ ഇറങ്ങിയാൽ വിജയം ഉറപ്പെന്ന് മുന്നണിയിൽ വിലയിരുത്തൽ ഉണ്ടെന്നാണ് രിപ്പോർട്ടുകൾ. ഭരണവിരുദ്ധ വികാരത്തിന് പുറമെ മന്ത്രി മുഹമ്മദ് റിയാസിനോടുള്ള അതൃപ്തിയും ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
അൻവറിനെ ബേപ്പൂരിൽ മത്സരിപ്പിക്കുന്നതിൽ ലീഗിനും താൽപര്യമുണ്ട്. അൻവർ മത്സരിച്ചാൽ സിപിഐഎമ്മിൽ അടിയൊഴുക്കുണ്ടാകുമെന്നും വിലയിരുത്തലുണ്ട്. ബേപ്പൂരിൽ മത്സരിക്കാൻ തയ്യറാണെന്ന് അൻവർ നേരത്തെ പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. മരുമോനിസത്തിന്റെ അടിവേരറുക്കാൻ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കാനും തയ്യാറാണ് എന്നായിരുന്നു പി വി അൻവർ മുമ്പ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ബേപ്പൂരിൽ അൻവർ തന്നെ മത്സരിക്കുമെന്ന അഭ്യൂഹം ഉയർന്നിരുന്നു. ബേപ്പൂരിൽ പലയിടങ്ങളിലായി അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
