കുണിയ (കാസര്‍കോട്): സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്ലോബല്‍ എക്‌സ്‌പോയുടെ മൂന്നാം ദിനവും ആവേശം ഒട്ടും കുറയാത്ത ജനബാഹുല്യം. കഴിഞ്ഞ രണ്ടു ദിവസവും സ്ത്രീകള്‍ക്കായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. പ്രദര്‍ശന സ്റ്റാളുകളും ചരിത്രസാംസ്‌കാരിക അവതരണങ്ങളും കാണാന്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഒരുപോലെ ഒഴുകിയെത്തി.
അറിവും അനുഭവവും പകരുന്ന വിവിധ പവലിയനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകക്കാഴ്ചകളായി. അല്‍ബിര്‍ പ്രീ സ്‌കൂള്‍ ഒരുക്കിയ എഡ്യു റോബോട്ട് കുട്ടികളുടെ ചിന്തകള്‍ക്ക് ചിറക് വിരിച്ചു. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും ആവശ്യപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചും എ.ഐ റോബോട്ട് വേറിട്ട അനുഭവം സമ്മാനിച്ചു.
കഴിഞ്ഞ ദിവസം മുതല്‍ സംവാദങ്ങളും പാനല്‍ ഡിബേറ്റുകളും ഇശല്‍ നൈറ്റും എക്‌സ്‌പോ സൈറ്റില്‍ ആരംഭിച്ചു. കുമ്പള ഇമാംശാഫി അക്കാദമി വിദ്യാര്‍ത്ഥികളുടെ ബുര്‍ദ പാരായണവും മൊഗ്രാലിലെ വിദ്യാര്‍ത്ഥികളുടെ ദഫ് മുട്ടും കില്‍ത്താന്‍ ദ്വീപ് ടീമിന്റെ ദ്വീപ് റാത്തീബും ശ്രദ്ധേയമായി. ഇന്ന് കടമേരി ജാമിഅ റഹ്മാനിയ വിദ്യാര്‍ത്ഥികളുടെ ഗസല്‍, തോടാര്‍ ശംസുല്‍ ഉലമ അക്കാദമി വിദ്യാര്‍ത്ഥികളുടെ ഖവാലി, മൊഗ്രാല്‍ ടീം അവതരിപ്പിക്കുന്ന അറബന മുട്ട് തുടങ്ങിയ പരിപാടികൾ ഉണ്ടാകും.
