കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറേറ്റർ റൂമിന് സമീപം ഉണ്ടായ തീപിടുത്തം വലിയ പരിഭ്രാന്തി പരത്തി. വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് മുഴുവൻ സമയവും ജനറേറ്റർ പ്രവർത്തിച്ചിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ മുൻകരുതൽ നടപടിയായി രോഗികളെ കെട്ടിടത്തിന് പുറത്തെത്തിച്ചിരുന്നു.
സമീപത്തുണ്ടായിരുന്ന ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയൊരു സ്ഫോടനവും ദുരന്തവും ഒഴിവാക്കി. മെഡിക്കൽ കോളേജിലെ ഫെസിലിറ്റി മെയിന്റനൻസ് വിഭാഗം അടിയന്തരമായി ഇടപെടുകയും അഗ്നിശമനസേന സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും തകരാറുകൾ പരിഹരിച്ച് ജനറേറ്റർ സംവിധാനം വീണ്ടും പ്രവർത്തനസജ്ജമാക്കിയതായും അധികൃതർ അറിയിച്ചു.
