രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. പ്രധാനമന്ത്രി രാജ്യത്തിന്റെ സാമൂഹ്യഘടനയെ തകർക്കുകയാണെന്നും ബിജെപിയും ആർഎസ്എസും ചേർന്ന് രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിപ്പൂർ വിഷയത്തിലും വനിതാ സംവരണത്തിലും സർക്കാരിന്റെ ഇരട്ടത്താപ്പ് ഖാർഗെ സഭയിൽ തുറന്നുകാട്ടി.
വനിതകൾ ബിജെപിക്ക് വെറും വോട്ട് ബാങ്ക് മാത്രമാണെന്നും സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന ബിജെപിയിൽ ഇതുവരെ ഒരു വനിത പോലും അധ്യക്ഷ പദവിയിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്ത് സ്ത്രീകൾക്കും ദളിത്-ആദിവാസി വിഭാഗങ്ങൾക്കുമെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.
മണിപ്പൂർ ആളിക്കത്തുമ്പോഴും മൗനം പാലിച്ച സർക്കാർ എല്ലാ ഭരണഘടനാ സംവിധാനങ്ങളെയും ബുൾഡോസ് ചെയ്യുകയാണ്. ഇരുനൂറിലധികം പേർ കൊല്ലപ്പെട്ട മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് രണ്ട് വർഷം വേണ്ടിവന്നു. പുതിയ രാജ്യം കണ്ടെത്താൻ വാസ്കോഡഗാമയ്ക്ക് വെറും രണ്ട് മാസം മതിയായിരുന്നുവെന്നും മണിപ്പൂർ യാത്രയുടെ വൈകലിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
