കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ, പ്രത്യേകിച്ച് ഇടതുപക്ഷം, സമുദായ സംഘടനകളുമായി സന്ധി ചെയ്യുന്നത് മതേതര മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ. വോട്ട് ലക്ഷ്യം വെച്ച് മത-സമുദായ നേതാക്കളെ പ്രീണിപ്പിക്കുന്ന രീതി കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ചേർന്നതല്ല. ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ പുകഴ്ത്തേണ്ടി വരുന്നത് ഒരു കമ്മ്യൂണിസ്റ്റിനോ മതേതരവാദിക്കോ അംഗീകരിക്കാനാവില്ലെന്നും ഇത്തരം വിട്ടുവീഴ്ചകൾ പാർട്ടികളെ ആശയപരമായി പിന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ജനാധിപത്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി വരുന്നതാണ് ആരോഗ്യകരമായ രീതിയെന്ന് അദ്ദേഹം ആവർത്തിച്ചു. തുടർഭരണം വരുമ്പോൾ അധികാര കേന്ദ്രീകരണം വർധിക്കുമെന്നും സ്വാർത്ഥ താൽപ്പര്യക്കാർ പാർട്ടിയിൽ നുഴഞ്ഞുകയറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലെ അനുഭവം ഇതിന് ഉദാഹരണമാണ്. പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിക്ക് ജനങ്ങൾക്കിടയിൽ കൂടുതൽ വേരോട്ടമുണ്ടാക്കാൻ സഹായിക്കും. ഭരണപക്ഷത്തേക്കാൾ ജനഹിതം പ്രകടിപ്പിക്കുന്നത് പലപ്പോഴും പ്രതിപക്ഷമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

ദേശീയതലത്തിൽ ബിജെപിക്കെതിരെ ഇന്ത്യ സഖ്യം ഒന്നിക്കണമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച അദ്ദേഹം, കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്ന് വ്യക്തമാക്കി. കേരളത്തിൽ ഇരുമുന്നണികളും ഒന്നിച്ചുനിന്നാൽ ബിജെപി മുഖ്യപ്രതിപക്ഷമാകാൻ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മുന്നണികൾക്കിടയിൽ ധാരണയുണ്ടായിരുന്നെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തരം ഫലങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *