സിനിമാ തിയേറ്ററുകളിൽ എഴുന്നേറ്റ് നിൽക്കണമെന്ന് നിർബന്ധമില്ല
ന്യൂഡൽഹി: വന്ദേ മാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേ മാതരം ചൊല്ലണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.വന്ദേ മാതരം ചൊല്ലുമ്പോൾ എല്ലാവരും എഴുന്നേറ്റുനിൽക്കണമെന്നും ഉത്തരവിൽ പറയുന്നു.
സിനിമാ തിയേറ്ററുകളിലും വന്ദേ മാതരം ഉണ്ടാകണമെന്ന് ഉത്തരവിലുണ്ട്. എന്നാൽ എഴുന്നേറ്റ് നിൽക്കണമെന്ന് നിർബന്ധമില്ല. ഇതിന് പുറമെ പത്മ അവാർഡുകൾ പോലുള്ള പ്രധാനപ്പെട്ട പരിപാടികളിലും, രാഷ്ട്രപതി പങ്കെടുക്കുന്ന എല്ലാ പരിപാടികളും വന്ദേ മാതരം ചൊല്ലണമെന്നും ഉത്തരവിൽ പറയുന്നു. വന്ദേ മാതരത്തിന്റെ മുഴുവൻ വരികളും ചൊല്ലണമെന്നും ഉത്തരവിലുണ്ട്. ഏതെങ്കിലും വിധത്തിൽ വന്ദേ മാതരത്തിനോട് അനാദരവ് കാട്ടിയാൽ മൂന്ന് വർഷം തടവായിരിക്കും ശിക്ഷ.
വന്ദേ മാതരത്തിലെ ചില വരികൾ കോൺഗ്രസ് എടുത്തുകളഞ്ഞുവെന്നും അത് മുസ്ലിങ്ങളെ പ്രീണിപ്പിക്കാനായിരുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പ്രസംഗിച്ചിരുന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വലിയ വാദപ്രതിവാദങ്ങൾക്കാണ് മോദിയുടെ ഈ പ്രസംഗം കാരണമായത്. വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചർച്ചയിലാണ് നെഹ്റുവിനെയും കോൺഗ്രസിനെയും ഉന്നമിട്ടുള മോദിയുടെ പരാമർശം.
