കൊച്ചി കളമശേരിയിൽ ബെംഗളൂരു സ്വദേശിയായ വ്യവസായി സൂരജ് ലാമയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. കേസിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സൂരജ് ഇന്ത്യയിലെത്തിയത് മുതൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള എല്ലാ കാര്യങ്ങളും പ്രത്യേക അന്വേഷണസംഘം പരിശോധിക്കണം. ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഈ സംഘത്തിന് നേതൃത്വം നൽകണമെന്നും കോടതി നിർദേശിച്ചു.
കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലാത്ത സാഹചര്യത്തിൽ, കൊലപാതക സാധ്യതയടക്കം എല്ലാ വശങ്ങളും പരിശോധിക്കാവുന്നതാണ്. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും മൂന്നാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനും കോടതി നിർദേശിച്ചു.
കുവൈത്തിൽ നാല് ഹോട്ടലുകൾ നടത്തിയിരുന്ന വ്യവസായിയായിരുന്നു സൂരജ് ലാമ. കുവൈത്തിൽ നിന്ന് ഡിപോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. പിന്നീട് നവംബർ 30-നാണ് കളമശേരി എച്ച്.എം.ടി കുറ്റിക്കാട്ടിൽ നിന്ന് ഒരു മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാത്ത മൃതദേഹമെന്ന നിലയിൽ അന്ന് കളമശേരി പൊതുശ്മശാനത്തിൽ ഇത് സംസ്കരിക്കുകയായിരുന്നു.
