പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിലെ വേദിയിലുണ്ടായ സംഭവങ്ങളിൽ മാധ്യമങ്ങൾ ഇല്ലാത്ത കാര്യം ഊതിവീർപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമയം വൈകിയതിനാൽ താൻ പ്രസംഗിക്കുന്നില്ലെന്നും പകരം തന്നെ വിളിച്ചാൽ മതിയെന്നും ഷാഫി പറമ്പിൽ തന്നെയാണ് ആവശ്യപ്പെട്ടത്. ഷാഫി വേണ്ടെന്ന് പറഞ്ഞിട്ടും പ്രമോദ് കക്കട്ടിൽ നിർബന്ധിച്ചപ്പോഴാണ് അവിടെ ഒരു പിടിച്ചുമാറ്റൽ ഉണ്ടായതെന്നും, ഇതൊരു കുടുംബത്തിൽ ഉണ്ടാകുന്ന സ്വാഭാവിക കാര്യങ്ങൾ മാത്രമാണെന്നും സതീശൻ വ്യക്തമാക്കി.

വേദിയിൽ യാതൊരുവിധ അച്ചടക്ക ലംഘനവും ഉണ്ടായിട്ടില്ലെന്ന് സതീശൻ ആവർത്തിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ വീണു എന്ന വാർത്ത പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് വെച്ച് രാജ്‌മോഹൻ ഉണ്ണിത്താനും സമാനമായ രീതിയിൽ സമയം ലാഭിക്കാനായി പ്രസംഗം ഒഴിവാക്കിയിരുന്നു. അണികളുടെ ആവേശം കാരണം വേദിയിലുണ്ടായ തിരക്കിനെ തെറ്റായ രീതിയിൽ ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ എം.പിയും രംഗത്തെത്തി. തനിക്ക് നെഗറ്റീവ് പബ്ലിസിറ്റി നൽകുന്ന മാധ്യമങ്ങൾക്ക് അദ്ദേഹം പരിഹാസരൂപേണ നന്ദി പറഞ്ഞു. വേദിയിൽ കണ്ട തിരക്ക് നേതാക്കൾ തമ്മിലുള്ളതല്ല, മറിച്ച് കോൺഗ്രസിന്റെ ആശയങ്ങളോട് ഐക്യപ്പെട്ടെത്തിയ അണികളുടേതാണെന്ന് ഷാഫി പറഞ്ഞു. മാധ്യമങ്ങൾ തിക്കിനെയും തിരക്കിനെയും കുറിച്ച് വാർത്ത നൽകുമ്പോൾ, ഈ യാത്രയ്ക്ക് ജനങ്ങൾ നൽകുന്ന വലിയ പിന്തുണ കൂടി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *