തലശേരി: ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ കൂട്ടിയിടിച്ച് 70 പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ ആറുപേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ബുധൻ പകൽ ഒന്നോടെയാണ് അപകടം.
തലശേരിയിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ജാക് ലയൺ ബസ് നിയന്ത്രണം വിട്ട്, കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ഗംഗോത്രി ബസിൽ ഇടിക്കുകയായി രുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തി തലശരി ജനറൽ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റവരെയും വിദഗ്ധ ചികിത്സ ആവശ്യമായവരെയും തലശേരിയിലെ വിവിധ സ്വകാര്യ–സഹകരണ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
ബസിന്റെ കാബിനിൽ കുടുങ്ങിയ ഡ്രൈവർമാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗംഗോത്രി ബസ് ഡ്രൈവർ മുജിതബയുടെ കാലിന്റെ എല്ല് പൊട്ടി. ജാക് ലയൺ ബസ് ഡ്രൈവർ അഹമ്മദിനും പരിക്കേറ്റു. തലശേരി നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
