മോഹൻലാലും സുരേഷ് ​ഗോപിയും മൊഴി നൽകാൻ തയ്യാറെന്നറിയിച്ചു

ശബരിമല കൊടിമരക്കൊള്ളയിൽ സിനിമാ മേഖലയിൽ നിന്നുള്ളവരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. ഷാജി കൈലാസ്, രണ്‍ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. നാണയങ്ങളായി സ്വർണം നൽകിയെന്ന് ഇവർ മൊഴി നൽകി. സ്വർണ്ണത്തിന്റെ കണക്കും അറിയിച്ചതായാണ് സൂചന. മൊഴി നൽകാൻ തയ്യാറെന്ന് നടൻ മോഹൻലാലും സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചു.

കൂടുതൽ താരങ്ങളുടെ മൊഴി ഈയാഴ്ച രേഖപ്പെടുത്തും. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയതെന്നാണ് വിജിലൻസ് കണ്ടെത്തൽ.

കൊടിമര പുനപ്രതിഷ്ഠയ്ക്ക് സ്വർണ്ണം നൽകിയവരെ തേടി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് വിജിലൻസ്. മാധ്യമങ്ങളിൽ പരസ്യം നൽകാനും ആലോചനയുണ്ടെന്നാണ് വിവരം. സ്വർണ്ണം നൽകിയവർ വിജിലൻസിനെ ബന്ധപ്പെടണമെന്ന് ആവശ്യപ്പെടും. ദേവസ്വം രേഖകളിൽ ഉള്ളവരെക്കാൾ കൂടുതൽ പേർ സംഭാവന നൽകിയോ എന്നറിയാനാണ് അന്വേഷണം നടക്കുന്നത്.

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസിൽ വിജിലന്‍സ് ഡിവൈഎസ്പി സി എസ് ഹരിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സിഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സിഐ രാജേഷ് കുമാര്‍, വിജിലന്‍സ് തെക്കന്‍ മേഖല സിഐ അജി ജി നാഥ് എന്നിവരും സംഘത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *