കള്ളപ്പണം വെളുപ്പിക്കൽ കേസിൽ SDPI ദേശീയ അധ്യക്ഷൻ എം കെ ഫൈസിക്ക് ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പോപ്പുലർ ഫ്രണ്ട്​ ഓഫ്​ ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ മാർച്ചിലാണ് എം കെ ഫൈസി അറസ്റ്റിലായത്.

ജയിലിൽ കഴിയുന്ന ഫൈസിയെ കഴിഞ്ഞ ജനുവരിയിൽ എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തിരുന്നു. 10 മാസത്തിലധികമായി തിഹാര്‍ ജയിലിൽ കഴിയുകയാണ് ഫൈസി. പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത പിഎംഎല്‍എ കേസുകളില്‍ നേരത്തെ പലർക്കും ജാമ്യം ലഭിച്ചിരുന്നു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

നിരോധിത മുസ്‌ലിം സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരായ കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തിയാണ് 2025 മാർച്ചിൽ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദേഹത്തെ കസ്റ്റഡിയിലെടുത്തത്.

മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് അഗർവാൾ, അഭിഭാഷകരായ രജത് ഭരദ്വാജ്, അങ്കിത എം ഭരദ്വാജ്, ദുഷ്യന്ത് ചൗധരി, മുഹമ്മദ് ഫിയാസ്, വിശ്വജീത് സിംഗ്, സിദ്ധാർഥ് സിങ് എന്നിവരാണ് എംകെ ഫൈസിക്ക് വേണ്ടി ഹാജരായത്. ഇഡിയുടെ പ്രത്യേക അഭിഭാഷകൻ സുഹൈബ് ഹുസൈൻ, പാനൽ കൗൺസൽ വിവേക് ​​ഗുമാനി, അഭിഭാഷകരായ പ്രഞ്ജൽ ത്രിപാഠി, കാർത്തിക് സബർവാൾ, കനിഷ്‌ക് മൗര്യ എന്നിവരും ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *