ഇടുക്കി: തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നഗരസഭയെ കുറ്റപ്പെടുത്തി പൊതുമരാമത്ത് വകുപ്പ്. വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ടി നഗരസഭയാണ് സ്ലാബുകൾ നീക്കം ചെയ്തതെന്നും ഇത് തിരികെ സ്ഥാപിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും പി.ഡബ്ല്യു.ഡി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് ബൈക്ക് നിയന്ത്രണം വിട്ട് ഓടയിൽ വീണ് 27-കാരനായ ജെയിംസ് ബെന്നി ദാരുണമായി മരിച്ചത്.
ജെസിബി ഉപയോഗിച്ച് സ്ലാബുകൾ മാറ്റിയപ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായും അതിനാൽ പിന്നീട് കൃത്യമായി പുനഃസ്ഥാപിക്കാൻ കഴിയാത്ത അവസ്ഥയിലായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അപകടാവസ്ഥയിലുള്ള ഈ കലുങ്ക് പുതുക്കിപ്പണിയാൻ പി.ഡബ്ല്യു.ഡി തയ്യാറായില്ലെന്ന് നാട്ടുകാർ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ സ്ലാബ് നീക്കിയ നഗരസഭയുടെ നടപടിയാണ് അപകടമുണ്ടാക്കിയതെന്നാണ് വകുപ്പിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ. അപകടം ആവർത്തിക്കാതിരിക്കാൻ സ്ലാബുകൾ പുന:സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. റോഡിലെ വളവിൽ മുന്നറിയിപ്പ് ബോർഡുകളോ തെരുവ് വിളക്കുകളോ ഇല്ലാത്തതും അപകടത്തിന് കാരണമായിട്ടുണ്ട്.
