കണ്ണൂർ: മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിൽ അക്രമകാരിയായ തെരുവുനായയെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് മുഴക്കുന്ന് പോലീസ് നടപടിയെടുത്തത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അയ്യപ്പൻകാവ് പ്രദേശത്ത് ഭീതി പരത്തിയ നായ ഒരാളെ കടിക്കുകയും മറ്റുള്ളവരെ ആക്രമിക്കാൻ മുതിരുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ നാട്ടുകാർ നായയെ തല്ലിക്കൊല്ലുകയായിരുന്നു. നായയെ കൊല്ലുന്ന ദൃശ്യങ്ങൾ ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം സ്വദേശി പാർവതി ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. പേരാവൂർ ഡി.വൈ.എസ്.പി.യുടെ നിർദേശപ്രകാരം നടത്തിയ പ്രാഥമികാന്വേഷണത്തിൽ സംഭവം നടന്നതായി സ്ഥിരീകരിച്ചു. നായയെ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ നിലവിൽ ലഭ്യമല്ല. അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
