നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സെഷൻസ് കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും ദിലീപിനെ ശിക്ഷിക്കണമെന്നുമാണ് സർക്കാരിന്റെ പ്രധാന ആവശ്യം.
ദിലീപിനെ വെറുതെ വിട്ട നടപടി തെറ്റാണെന്ന് പ്രോസിക്യൂഷൻ വാദം. മെമ്മറി കാർഡ് ദിലീപിന്റെ കൈവശം എത്തിയെന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും കോടതി അത് തള്ളിക്കളയുകയായിരുന്നു. കേസിലെ സുപ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മൊഴികൾ വിചാരണ കോടതി അവിശ്വസിച്ചത് തെറ്റായ നടപടിയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. പല സാക്ഷി മൊഴികളും വളരെ നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് വിചാരണ കോടതി തള്ളിക്കളഞ്ഞതായും അപ്പീലിലുണ്ട്.
കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവർക്ക് നൽകിയത് വളരെ കുറഞ്ഞ ശിക്ഷയാണെന്നും ഇത് ഉയർത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടു. പൾസർ സുനിയുടെ ശിക്ഷാ കാലാവധി വർധിപ്പിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. വെറുതെ വിട്ട ചാർലിയേയും ദിലീപിന്റെ സുഹൃത്തായ ശരത് ജി. നായരേയും ശിക്ഷിക്കണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും വിചാരണ കോടതിയുടെ കണ്ടെത്തലുകൾ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
