ഇറാന് നേരെയുണ്ടായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ ഇറാൻ എംബസി. ആക്രമണം ഇറാന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് ഇറാൻ എംബസി പ്രതികരിച്ചു. ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ജനങ്ങളുടെ സംരക്ഷണവും ദേശീയ താല്പര്യവും സംരക്ഷിക്കുവാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇറാൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇറാന് നേരെയുള്ള ആക്രമണങ്ങളെ അപലപിക്കണമെന്ന് മറ്റു രാജ്യങ്ങളോട് വാർത്താക്കുറിപ്പിൽ എംബസി ആവശ്യപ്പെടുകയും ചെയ്തു. അടിയന്തര യുഎന് രക്ഷാ സമിതി വിളിക്കണമെന്ന് ഇറാന് ആവശ്യപ്പെട്ടു. അതേസമയം ഇറാന്റെ ആക്രമണങ്ങളെ സൗദി അപലപിച്ചു. യുഎഇ,ബഹ്റൈന്,ഖത്തർ,കുവൈത്ത് എന്നീ രാജ്യങ്ങളിലെ ആക്രമണത്തെയാണ് സൗദി വിദേശമന്ത്രാലയം അപലപിച്ചത്. ഈ രാജ്യങ്ങൾക്ക് സൗദി അറേബ്യ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടി സൗദിയുടെ എല്ലാ സന്നാഹങ്ങളും ലഭ്യമാക്കുമെന്ന് അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും ലംഘിക്കുന്നത് തുടരുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിമാറുമെന്ന് സൗദി മുന്നറിയിപ്പ് നൽകി.
ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ഖത്തർ, ബഹറൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികത്താവളങ്ങൾ ലക്ഷ്യമിട്ടും ഇറാന്റെ മിസൈലാക്രമണം ഉണ്ടായി. ലോകത്തെ രണ്ട് വലിയ ശക്തികളായ ചൈനയും റഷ്യയും ഇറാനെ പിന്തുണക്കുന്നുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ആശങ്കയറിയിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തി.
